തിരുവനന്തപുരം കോർപറേഷനിലെ കത്തുവിവാദവുമായി ബന്ധപ്പെട്ട് അന്വേഷണകമ്മീഷനെ നിയമിച്ച് സിപിഎം. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തിരിക്കുന്നത്. അന്വേഷിച്ച് മൂന്ന് അഴച്ചയ്ക്കകം റിപ്പോർട്ട് കൊടുക്കണമെന്നാണ് കമ്മിറ്റിയോട് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. ഡി കെ മുരളി, ആർ രാമു, ബാബു, സി ജയൻ എന്നിവരാണ് കമ്മീഷനിൽ ഉള്ളത്.
നഗരസഭയിൽ 295 താത്കാലിക ഒഴിവുകൾ ഉണ്ടെന്നും ഇതിലേക്ക് നിയമിക്കാൻ ആവശ്യമായ ഉദ്യോഗാർഥികളുടെ മുൻഗണന ലിസ്റ്റ് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രൻ അയച്ചതായി പുറത്തുവന്ന കത്താണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിനു പിന്നാലെ പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇതോടെ കത്ത് വിവാദത്തിന് വിശദീകരണവുമായി മേയർ നേരിട്ട് രംഗത്തെത്തിയിരുന്നു. നേരിട്ടോ അല്ലാതെയോ കത്തിൽ ഒപ്പിട്ടില്ല, കത്തിൽ ചില സംശയങ്ങൾ ഉണ്ട്, ലെറ്റർപാഡ് വ്യാജമാണോ എന്ന് അന്വേഷിക്കട്ടെയെന്നും മേയർ പറഞ്ഞിരുന്നു. കത്ത് വിവാദത്തിൽ പ്രതിഷേധിച്ച് അടുത്തമാസം ഏഴിന് ബിജെപി ഹർത്താൽ നടത്താനിരിക്കവേയാണ് സിപിഎമ്മിന്റെ പുതിയ തീരുമാനം.