ലോകഫുട്ബാളിന്റെ ആവേശം കൊടുമ്പിരിക്കൊണ്ടിരിക്കെ ഖത്തര്‍ ലോകകപ്പിലെ ചാമ്പ്യന്മാരെ കണ്ടെത്താൻ ഇന്ന് കലാശപ്പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ ഫ്രാന്‍സും മുന്‍ ചാംമ്പ്യന്മാരായ അര്‍ജന്‍റീനയും ഏറ്റുമുട്ടും. ലോകജേതാവിന്റെ കിരീടം ചൂടുന്നത് അർജന്റീനയാകുമോ ഫ്രാൻസ് ആകുമോ എന്ന ചോദ്യത്തിന്റെ ഉത്തരമാകും ഇന്നത്തെ ഫൈനൽ.അതിനുള്ള ദൂരം ഇന്നത്തെ പകലിന്റെ ദൈർഘ്യം മാത്രം. ഇന്ന് രാത്രി 8.30മുതൽ ലുസെയിൽ സ്റ്റേഡിയത്തിലാണ് ഫൈനൽ. ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ലോകം ഒരു കാൽപന്തിന് പിന്നാലെ പാഞ്ഞ ഒരുമാസക്കാലത്തിന് കൂടിയാണ് ഇന്ന് അവസാനമാകുന്നത്.
ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാണ് ഇന്ന് ഫൈനലിൽ എത്തിനിൽക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ ചരിത്രം ആര് കുറിക്കും എന്ന ആകാംക്ഷയിലാണ് ലോകം മുഴുവൻ.അന്തിമ വിധി പറയാൻ ലയണൽ മെസ്സിയും കിലിയൻ എംബാ പ്പെയും ഒരുങ്ങിക്കഴിഞ്ഞു. 2018 ലെ റഷ്യൻ ലോകകപ്പിൽ വിജയികളായ ഫ്രാൻസിന് ഇത് രണ്ടാം ഫൈനൽ ആണ്. അർജന്റീനയാകട്ടെ അവസാനമായി ജേതാക്കൾ ആയത് 1986ലും. 36 വർഷത്തിന് ശേഷം ഇത്തവണ ചരിത്രം കുറിക്കാൻ സാധിക്കുമെന്നാണ് അർജന്റിനയുടെ പ്രതീക്ഷ.