തിരുവനന്തപുരം വഴയിലയിൽ പങ്കാളിയെ നടുറോഡിൽ വെട്ടിക്കൊന്ന പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി രാജേഷ് (46)ആണ് മരിച്ചത്. തിരുവനന്തപുരം പൂജപ്പുര ജില്ലാ ജയിലിൽ ഇന്ന് പുലർച്ചയോടെയാണ് സംഭവം. പങ്കാളിയെ കൊന്നകേസിൽ പൂജപ്പുര ജില്ലജയിലിൽ കഴിയുകയായിരുന്നു പ്രതി. പുലർച്ചെ രണ്ടു മണിയോടെ ശുചി മുറിയിൽ പോയ ഇയാൾ ഉടുത്തിരുന്ന മുണ്ടിൽ തൂങ്ങുകയായിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. റോഡിലൂടെ നടന്നുപോകുകയായിരുന്ന സിന്ധുവിനെ ഇയാൾ കൈയിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് വീട്ടികൊലപ്പെടുത്തുകയായിരുന്നു. കഴുത്തിനും തലക്കും വെട്ടേറ്റ് റോഡിൽ കിടന്ന് പിടഞ്ഞ സിന്ധുവിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് പേരും മുൻപ് വിവാഹിതരാണ് കുട്ടികളും ഉണ്ട്. 12 വര്‍ഷമായി ഒരുമിച്ച് കഴിയുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി അകൽച്ചയിലാണ്. സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് പിന്തുടര്‍ന്ന് വന്ന് വെട്ടിയതെന്നാണ് പ്രതി രാജേഷ് പൊലീസിനോട് പറഞ്ഞത്. കിളിമാനൂരിൽ പൊലീസ് സ്റ്റേഷന് സമീപം ജ്യൂസ് കട നടത്തുന്നയാളാണ് രാജേഷ്