തിരുവനന്തപുരം നഗരസഭയിൽ മേയറുടെ കത്ത് വിവാദവുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ഡി ആർ അനിലിന് എതിരെ വീണ്ടും പരാതി. വെള്ളിയാഴ്ചയുണ്ടായ കോർപറേഷൻ പ്രതിഷേധത്തിനിടയിൽ വധഭീഷണിയുയർത്തി എന്ന് ചൂണ്ടികാട്ടി കൗൺസിലർ എസ് സുരേഷ്‌കുമാറാണ് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയത്.
കോർപറേഷൻ കൗൺസിൽ ഹാളിൽ അനിൽ വിവാദപരമാർശം നടത്തിയതിനെ തുടർന്ന് ബി ജെ പി കൗൺസിലർമാർ രാപകൽ സമരം നടത്തിയിരുന്നു. രാത്രി പോലീസ് സമരക്കാരെ ബലമായി അറസ്റ്റ് ചെയ്തു നീക്കി. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇതിന് പിന്നാലെയാണ് അനിലിനുനേരെ മറ്റൊരംഗം പരാതി ഉയർത്തിയിരിക്കുന്നത്. വീണ്ടുമൊരു പരാതി കൂടി വന്നതോടെ അനിലിന് എതിരെ കോർപറേഷനും പോലീസും നടപടിയെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി.