മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ പുതിയ തൊഴുത്തില്‍ അന്തേവാസികളെത്തി. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് തൊഴുത്ത് നിര്‍മ്മിച്ചത്. 2.90 ലക്ഷം രൂപ ചെലവിട്ടാണ് തൊഴുത്തിന്റെയും ചുറ്റുമതിലിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2 മാസം കൊണ്ടാണ് തൊഴുത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. തൊഴുത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ ആറ് പശുക്കളെയാണ് ഇവിടേയ്ക്കു മാറ്റിയത്. 4800 ചതുരശ്ര അടിയില്‍ നിര്‍മിച്ച തൊഴുത്തില്‍ 4 ഫാനുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതു കൂടാതെ തൊഴുത്തിനോട് ചേര്‍ന്ന് കാലിത്തീറ്റ സൂക്ഷിക്കാനുളള മുറിയും തൊഴിലാളികള്‍ക്കായി വിശ്രമമുറിയും നിര്‍മ്മിച്ചിട്ടുണ്ട്. 10 മീറ്റര്‍ നീളത്തില്‍ ചുറ്റുമതിലും നിര്‍മ്മിച്ചു.
ക്ലിഫ് ഹൗസിലെ പഴയ തൊഴുത്തിന് 30 വര്‍ഷത്തോളം പഴക്കമുണ്ട്. സൗകര്യക്കുറവ് കണക്കിലെടുത്താണ് പുതിയ തൊഴുത്ത് പണിതത്. 8 പശുക്കളും 4 കന്നുക്കുട്ടികളുമാണ് നിലവില്‍ ക്ലിഫ്ഹൗസിലുള്ളത്. 6 പശുക്കളെ പുതിയ തൊഴുത്തിലേക്കു മാറ്റിയതോടെ 2 പശുക്കളും 4 കന്നുക്കുട്ടികളും പഴയ തൊഴുത്തില്‍ തുടരും. പശുക്കൾക്ക് പാട്ടു കേൾക്കാൻ മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്നത് ആലോചിച്ചിരുന്നു. എന്നാല്‍ വിവാദം ഭയന്ന് അത് വേണ്ടെന്ന് വെച്ചു. നേരത്തെ ക്ലിഫ് ഹൗസിൽ 25 ലക്ഷം രൂപ ലിഫ്റ്റ് നിർമ്മിക്കാൻ അനുവദിച്ചതും വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു