സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി കർശന നിര്‍ദ്ദേശം നല്‍കി. പഞ്ചിംഗ് സംബന്ധിച്ച മുന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം. സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ ഇത് അനിവാര്യമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ജനുവരി ഒന്ന് മുതൽ കർശനമായി നടപ്പാക്കാനാണ് നിർദ്ദേശം. സെക്രട്ടേറിയറ്റിലും കളക്ട്രേറ്റിലും വകുപ്പ് മേധാവികളുടെ ഓഫീസിലും പഞ്ചിംഗ് നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്തെ എല്ലാ സർക്കാർ, അർധ സർക്കാർ, സ്വയംഭരണ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പഞ്ചിങ് സംവിധാനം നടപ്പാക്കുന്നതിനു നേരത്തേതന്നെ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. 2019 മുതല്‍ നിര്‍ദേശം വന്നെങ്കിലും കോവിഡ് കാരണം നടപ്പായിരുന്നില്ല. കോവിഡ്കാലം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടിയതോടെയാണു കര്‍ശന നിര്‍ദേശവുമായി ചീഫ് സെക്രട്ടറി വി.പി.ജോയി സർക്കുലർ പുറപ്പെടുവിച്ചത്. അടുത്ത വർഷം മുതൽ സർക്കാർ സ്ഥാപനങ്ങളിൽ സ്പാർക് ബന്ധിത ബയോമെട്രിക് പഞ്ചിങ് സംവിധാനം സമയബന്ധിതമായി നടപ്പാക്കുന്നതിനു വകുപ്പ് മേധാവികൾ കർശന നടപടി സ്വീകരിക്കണമെന്നു ചീഫ് സെക്രട്ടറി നിർദേശിച്ചു.
കലക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫിസുകളിലും 2023 ജനുവരി ഒന്നിന് മുൻപായി ബയോമെട്രിക് പഞ്ചിങ് നടപ്പാക്കി ഹാജർ സ്പാർക്കുമായി ബന്ധിപ്പിക്കണം. മറ്റ് എല്ലാ ഓഫിസുകളിലും 2023 മാർച്ച് 31ന് മുൻപ് നടപ്പാക്കണം. വകുപ്പ് സെക്രട്ടറിമാരുമായുള്ള ചീഫ് സെക്രട്ടറിയുടെ പ്രതിമാസ യോഗത്തിൽ പഞ്ചിങ് നടപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തും. ഓരോ വകുപ്പിലെയും അഡിഷനൽ സെക്രട്ടറി/ജോയിന്റ് സെക്രട്ടറിയെ അതതു വകുപ്പിനു കീഴിലുള്ള ഓഫിസുകളിൽ പഞ്ചിങ് നടപടികൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തണം. ഈ ഓഫിസറുടെ വിശദാംശങ്ങൾ പൊതുഭരണ വകുപ്പിനു ലഭ്യമാക്കണം. ബയോമെട്രിക് പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിച്ച് നടപ്പാക്കുന്ന ഓഫിസുകളിൽ ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ 2020 ജനുവരി 13ലെ ഉത്തരവ് പ്രകാരമായിരിക്കുമെന്നും ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ വ്യക്തമാക്കി