ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവം ആറു ദിവസം പിന്നിട്ടപ്പോൾ ഷാർജയിലേക്ക് പുസ്തക പ്രേമികളുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. 15 ലക്ഷത്തോളം പുസ്തകങ്ങളുമായാണ് ഷാർജ പുസ്തകോത്സവം നടക്കുന്നത്. ഇന്ത്യൻ സ്റ്റാളുകളുള്ള ഏഴാംനമ്പർ ഹാളിലാണ് വായനക്കാരുടെ തിരക്കേറെയുള്ളത്. അവധിദിനമായ ഞായറാഴ്ച പുസ്തകപ്രേമികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പുസ്തകം അന്വേഷികച്ചെത്തുന്നവരിൽ മലയാളികൾ ആണ് ഇക്കുറിയും മുന്നിൽ. കുട്ടികളുമായി എത്തുന്നവർ രാവിലെ തന്നെ മേള സന്ദർശിക്കുന്നുണ്ട്. കുട്ടികളുടെ പുസ്തകങ്ങൾ എല്ലാസ്റ്റാളുകളിലും നന്നായി വിറ്റഴിയുന്നുണ്ട്. കുടുംബങ്ങളായി വരുന്നവർ ഭൂരിഭാഗവും ഉച്ചയ്ക്കുശേഷമാണ് എത്തുന്നത്. അവധി ദിവസങ്ങളിൽ അബുദാബി ഉൾപ്പെടെ മറ്റ് എമിറേറ്റുകളിൽ നിന്ന് എത്തുന്നവരും ധാരാളമാണ്. കുടുംബമായി എത്തുന്നവരിലും മലയാളികൾ തന്നെയാണ് കൂടുതൽ. റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യുന്ന പുസ്തകങ്ങളിൽ ഭൂരിപക്ഷവും മലയാളികളുടേതാണ്.
കേരളത്തിൽനിന്നുള്ള രാഷ്ട്രീയനേതാക്കളും തങ്ങളുടെ പുസ്തകങ്ങളുമായി ഈവർഷത്തെ മേളയിലും സജീവമായി പങ്കെടുക്കുന്നു. കോൺഗ്രസ് നേതാക്കളായ ടി.എൻ. പ്രതാപൻ എം.പി., യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ, സി.പി.ഐ. നേതാവ് സി. ദിവാകരൻ എന്നിവരുടെ കൃതികളും പ്രകാശനംചെയ്തു. പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വരുംദിവസങ്ങളിൽ മേള സന്ദർശിക്കും.
വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖർ വരും ദിവസങ്ങളിൽ എത്തുന്നതോടെ തിരക്ക് വീണ്ടും വർദ്ധിക്കും. നവംബർ 10നാണ് നടൻ ജയസൂര്യ എത്തുക. 11 ന് ബോളിവുഡ് താരം ഷാരൂഖ് ഖാനുമെത്തുന്നുണ്ട്. 12ന് ജോസഫ് അന്നംക്കുട്ടി ജോസ്, ഉഷ ഉതുപ്, 13ന് സി.വി. ബാലകൃഷ്ണൻ എന്നിവർ മേളയിൽ സംവദിക്കാൻ എത്തും.