ജമ്മു കാശ്മീരിൽ കാര്യങ്ങൾ മാറുകയാന്നെന്നും ടൂറിസത്തിൽ കുതിച്ചുചാട്ടമുണ്ടായെന്നും ജമ്മുകശ്മീരില്‍ ഇന്ന് രണ്ടാം ദിനസന്ദർശനത്തനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിലെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താൻ അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതലയോഗം ചേർന്നു. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും താഴ്വരിയിലെ സുരക്ഷയും വിലിയിരുത്തി. ഭീകരവാദം നടത്തുന്ന പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും അമിത് ഷാ വ്യക്തമാക്കി. ജമ്മുകശ്മീരില്‍ ഗുജ്ജർ, ബകർവാൾ, പഹാഡി വിഭാഗങ്ങളെ പട്ടികജാതിയിലുൾപ്പെടുത്തി സംവരണം നല്‍കുമെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജമ്മുകശ്‍മീര്‍ ലഫ് ഗവർണർ നിയോഗിച്ച സമിതിയാണ് മൂന്ന് വിഭാഗക്കാർക്കും സംവരണം നല്‍കണമെന്ന ശുപാർശ നല്‍കിയത്. ശുപാർശ പരിശോധിക്കാനായി സമിതിയെ ചുമതലപ്പെടുത്തി, സമിതി നല്‍കുന്ന നിർദേശങ്ങൾ നടപ്പിലാക്കുമെന്നും അമിത് ഷാ രജൗരിയില്‍ പറഞ്ഞു.
അതേസമയം അമിത് ഷായുടെ സന്ദർശനത്തിനിടെ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹുബൂബ മുഫ്തി ആരോപിച്ചു. എന്നാൽ മുഫ്തി വീട്ട് തടങ്കലിലല്ലെന്നും യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.