ഭൂകമ്പത്തിൽ കനത്ത നാശനഷ്ടം സംഭവിച്ച തുർക്കിയ്ക്ക് അടിയന്തര സഹായമായി 1.78 ബില്യൺ ഡോളർ ലോകബാങ്ക് പ്രഖ്യാപിച്ചു. ഭൂകമ്പത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ബാങ്ക് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ലോക ബാങ്കിന്റെ പ്രസിഡന്റ് ഡേവിഡ് മാൽപാസാണ് പ്രഖ്യാപനം അറിയിച്ചത്.
അതേസമയം ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ സഹായഹസ്തവുമായി വിവിധ ലോകരാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയിൽ നിന്നും ഓപ്പറേഷൻ ദോസ്ത് എന്ന പേരിൽ ഒരു സംഘം തുർക്കിയിലേക്ക് പോയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ 51 പേരെ കൂടി ഇന്ത്യ തുർക്കിയിലേക്ക് അയച്ചതായി ദേശീയ ദുരന്തനിവാരണ സേന ഡയറക്ടർ ജനറൽ അതുൽ കർവാൾ അറിയിച്ചു.