തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണമടഞ്ഞവരുടെ എണ്ണം 24000 കടന്നുവെന്ന് റിപ്പോർട്ടുകൾ. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ദിവസങ്ങൾ കഴിയവേ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള സാധ്യതയും കുറഞ്ഞുവരികയാണ്. ലോകരാജ്യങ്ങളുടെ സഹായത്തോടെ കൂടുതൽ വേഗത്തിൽ രക്ഷാപ്രവർത്തനത്തിന് ഒരുങ്ങുകയാണ് സർക്കാർ. സിറിയയിൽ മാത്രമായി വീടുകൾ നഷ്ടപ്പെട്ടവർ 54 ലക്ഷം പേരാണെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പറയുന്നു.
ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ചത് തുർക്കിയിലാണ്. ഇരുപതിനായിരത്തിൽപരം ആളുകൾക്കാണ് തുർക്കിയിൽ മാത്രമായി ജീവൻ നഷ്ടമായത്. സിറിയയിൽ 3000 ത്തോളം മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യുദ്ധക്കെടുതിഅനുഭവിച്ച് പോന്ന സിറിയൻ ജനതയുടെ ഒരു വിഭാഗം അവിടെനിന്നും രക്ഷപ്പെട്ട് വടക്കൻ മേഖലയിലേക്ക് പാലായനം ചെയ്തിരുന്നു. അവരാണ് ഇപ്പോൾ കൂടുതലും ദുരന്തത്തിന് ഇരകളായി മാറിയത്.