കാഠ്മണ്ഡു : നേപ്പാളിൽ വിമാനം തകർന്നുവീണ് 71 പേർ മരിച്ച അപകടത്തിൽ വിമാനത്തിന്റെ ചിറകുകൾ പ്രവർത്തിക്കാതിരുന്നതാണ് അപകടകാരണമെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. വിമാനത്തിന്റെ രണ്ട് എൻജിനുകളിലെയും പ്രൊപ്പല്ലേഴ്സ് ഫെദറിങ് പൊസിഷനിൽ ആയതോടെയാണ് വിമാനത്തിന് നിയന്ത്രണം നഷ്ടമായതും അപകടം സംഭവിച്ചതും എന്നാണ് റിപ്പോർട്ട്
നേപ്പാളിലെ പൊറാഖയിലെ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് യതി എയർലൈനിന്റെ വിമാനം തകർന്നു വീഴുകയായിരുന്നു. അപകടസമയത്ത് പ്രൊപ്പല്ലറുകൾ വിമാനം ഇറങ്ങിയതിനുശേഷമുള്ള അവസ്ഥയിലായിരുന്നു എന്നാണ് കണ്ടെത്തിയത്. ഫെദർ പൊസിഷനുകളിൽ ആയിരുന്നാൽ വിമാനത്തിനു മുൻപോട്ടു പോകാനുള്ള ഊർജ്ജം ലഭിക്കില്ല. അന്നേദിവസം എയർ ട്രാഫിക് കൺട്രോളർ വിമാനത്തിന് ഇറങ്ങാൻ അനുമതി നൽകിയെങ്കിലും എൻജിനിൽ നിന്നും പവർ വരുന്നില്ല എന്ന് രണ്ട് തവണ പൈലറ്റ് മറുപടി പറഞ്ഞതായും അന്വേഷണ കമ്മിറ്റി അറിയിച്ചു. ഫ്ലൈറ്റ് ഡേറ്റ റെക്കോർഡ്സ് പരിശോധിച്ചപ്പോൾ എൻജിനുമായി ബന്ധപ്പെട്ട വിവരങ്ങളിൽ നിന്നും അസാധാരണമായി ഒന്നും കണ്ടെത്തിയില്ലെന്നും അന്വേഷണ കമ്മിറ്റി പറഞ്ഞു.
മാനുഷികമായി ഉണ്ടായിപ്പോയേക്കാവുന്ന അബദ്ധവും വിമാന അപകടത്തിന് കാരണമായിട്ടുണ്ട് എന്ന സംശയവും നിലനിൽക്കുന്നു. വിമാനത്തിന്റെ ചിറകുകൾ ക്രമീകരിക്കുന്നതിൽ 2 പൈലറ്റുമാരും തമ്മിൽ ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടാകും. പൈലറ്റ്മാരിൽ ഒരാൾ ഫ്ലാപ്പ് 30 എന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാൽ ഫ്ലാപ്പ് 15ൽ നിന്നും ചിറകുകൾക്ക് വ്യതിയാനമൊന്നും സംഭവിച്ചതായി റെക്കോർഡ്സിൽ രേഖപ്പെടുത്തിയിട്ടുമില്ല.
കഴിഞ്ഞ ജനുവരി 15നാണ് കാഠ്മണ്ഡുവിൽ നിന്നും പൊറാഖയിലേക്ക് പോയ 9 എൻഎൻഎൻസി എ ടി ആർ 72 വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ് തകർന്നു വീണത്. വിമാനത്താവളത്തിന് സമീപം തകർന്നു വീണതിന് പിന്നാലെ വിമാനം തീ പിടിക്കുകയായിരുന്നു. അപകടത്തിൽ 5 ഇന്ത്യക്കാരും നാല് ക്യാബിൻ ക്രൂ അംഗങ്ങളും ഉൾപ്പെടെ 71 പേർ മരണമടഞ്ഞിരുന്നു.