ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റൻ സമുദ്രപേടകത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് മരിച്ചവരുടെ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ടൈറ്റന്റെ അവശിഷ്ടങ്ങൾ വെള്ളത്തിനടിയിൽ 12,500 അടി താഴ്ചയിലാണ് കണ്ടെത്തിയത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്ന സ്ഥലത്തുനിന്ന് 500 മീറ്റർ അകലെനിന്നാണ് ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ജൂൺ 18നാണ് അപകടം ഉണ്ടായത്. ജൂൺ 22നാണ് അന്തർവാഹിനി പൊട്ടിത്തെറിച്ചതായും അഞ്ചുപേർ മരിച്ചതായും സ്ഥിരീകരണം പുറത്തുവന്നത്.
ഇന്നലെയാണ് ടൈറ്റൻ സമുദ്രപേടകത്തിന്റെ അവശിഷ്ടങ്ങൾ ന്യൂഫൗണ്ട്ലാന്റിലെ സെന്റ് ജോണ്‍സിലെ തുറമുഖത്ത് തിരിച്ചെത്തിച്ചത്. ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള അതിതീവ്ര പരിശ്രമത്തിനൊടുവിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തി എന്നുള്ള റിപ്പോർട്ടുകൾ ഇന്നലെ പുറത്തുവന്നത്. കരയിലെത്തിച്ച ടൈറ്റൻ സമുദ്രപേടകത്തിന്റെ അവശിഷ്ടങ്ങളിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി യുഎസ് കോസ്റ്റ്ഗാർഡ്. ടൈറ്റന്റെ നിരവധി ഭാഗങ്ങൾ കനേഡിയൻ കോസ്റ്റ് ഗാർഡ് തീരത്തേക്ക് എത്തിച്ചിട്ടുണ്ട്. കടലിന്റെ അടിത്തട്ടിൽ നിന്നാണ് ഈ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിദഗ്ധസംഘം നടത്തിയ പരിശോധനയിലാണ് ടൈറ്റനിൽനിന്നു മൃതദേഹങ്ങളുടെ അവശിഷ്ടം കണ്ടെത്തിയത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനുള്ള യാത്രയ്ക്കിടെ സമുദ്രത്തിൽ വച്ച് പേടകം ഉൾവലിഞ്ഞു പൊട്ടിയുണ്ടായ അപകടത്തിൽ അഞ്ചുപേരാണ് മരിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രയ്‌ക്കിടെ അന്തർവാഹിനി പൊട്ടിത്തെറിച്ച് അതിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചത്. ബ്രിട്ടീഷ് പര്യവേക്ഷകൻ ഹാമിഷ് ഹാർഡിംഗ്, ഫ്രഞ്ച് അന്തർവാഹിനി വിദഗ്ധൻ പോൾ-ഹെൻറി നർജിയോലെറ്റ്, പാക്-ബ്രിട്ടീഷ് വ്യവസായി ഷഹ്‌സാദ് ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലെമാൻ, ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ സിഇഒ സ്റ്റോക്ക്‌ടൺ റഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.