ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് പാകിസ്ഥാൻ.
ജനങ്ങളെ വലച്ച് ഇന്ധനവിലയും കുത്തനെ ഉയര്‍ന്നു. ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്നനിലയിൽ ആണ്. ഒരു ലിറ്റർ പെട്രോളിന് 272 പാകിസ്ഥാൻ രൂപയും ഡീസലിന് 280 രൂപയുമാണ്. പെട്രോള്‍ വില 22.20 പാക് രൂപയാണ് കൂട്ടിയത്. ഡീസലിന് ഏകദേശം 17 രൂപയും വര്‍ദ്ധിപ്പിച്ചു. ഇതോടൊപ്പം സാധാരണക്കാരുടെ നടുവൊടിച്ച് മണ്ണെണ്ണ വിലയും കൂട്ടി. ലിറ്ററിന് 202.73 രൂപ എന്ന നിരക്കിലാണ് വില്‍പന. പുതിയ വില പ്രാബല്യത്തില്‍ വന്നു. പണപ്പെരുപ്പത്താൽ ബുദ്ധിമുട്ടുന്ന പാകിസ്ഥാനിൽ ഷെഹ്ബാസ് ഷരീഫ് സർക്കാർ ബജറ്റ് അവതരിപ്പിച്ചതിന് മണിക്കൂറുകൾക്കകമാണ് ഇന്ധന വില കുത്തനെ ഉയർത്തിയത്.
രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയർന്നിട്ടുണ്ട്. പാൽ വില ലിറ്ററിന് 210 രൂപയും കോഴി ഇറച്ചി വില കിലോയ്ക്ക് 780 രൂപയുമാണ്. മൂന്നാഴ്ചത്തെ ഇറക്കുമതിക്ക് ആവശ്യമായ കരുതൽ ശേഖരം മാത്രമാണുള്ളത്. ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ അവശ്യ സാധനങ്ങളുടെ വിലയും ഉയര്‍ന്ന നിലയില്‍ തുടരുന്നു. കൂടുതൽ ഫണ്ടിനായി ഇസ്ലാമാബാദ് രാജ്യാന്തര നാണയനിധിയുമായി ചർച്ച നടത്തി.
ഇന്നലെ അവതരിപ്പിച്ച ബജറ്റിൽ ചരുക്കു സേവന നികുതി 18 ശതമാനമായാണ് വർധിപ്പിച്ചത്. അന്താരാഷ്ട്ര നാണയ നിധിയുടെ മുൻവ്യവസ്ഥകളിൽപെട്ടതാണ് എണ്ണവില കുതിക്കുന്നതിലേക്ക് നയിച്ചത്. ഇത് പണപ്പെരുപ്പം വീണ്ടും രൂക്ഷമാക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.