ഇന്ത്യയ്ക്കു പിന്നാലെ ഫിലിപ്പീൻസ്, മലേഷ്യ, വിയറ്റ്‌നാം, തായ്‌വാൻ എന്നിവിടങ്ങളിലെ ഗവൺമെന്റുകൾ ചൈനയുടെ പുതിയ ഭൂപടം നിരസിച്ചു. ബീജിംഗ് തങ്ങളുടെ പ്രദേശം അവകാശപ്പെടുന്നു എന്നാരോപിച്ച് രാഷ്ട്രങ്ങൾ ശക്തമായ പ്രസ്താവനകളും പുറത്തിറക്കി.
ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ അതിർത്തികൾ കാണിക്കുന്ന ഒമ്പത് ഡാഷ് ലൈൻ മാറ്റി 10 ഡാഷ് ലൈൻ ഉൾപ്പെടുന്ന ഒരു വിവാദ ഭൂപടം ചൈനീസ് പ്രകൃതിവിഭവ മന്ത്രാലയം ഓഗസ്റ്റ് 28-ന് പുറത്തിറക്കിയിരുന്നു. ചൈനയുടെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയവും തള്ളിക്കളഞ്ഞു. മറ്റുള്ളവരുടെ പ്രദേശങ്ങള്‍ സ്വന്തമാക്കി ചിത്രീകരിച്ച് ചൈന അസംബന്ധ വാദങ്ങള്‍ ഉന്നയിക്കരുതെന്ന് ചൈനീസ് നടപടിയോട് പ്രതികരിക്കവെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.
അരുണാചൽ പ്രദേശിനും അക്‌സായി ചിന്നിനും മേൽ അവകാശവാദം ഉന്നയിച്ചുകൊണ്ട് ചൈന പുറത്തിറക്കിയ സ്റ്റാൻഡേർഡ് മാപ്പിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അത്തരം നടപടികൾ അതിർത്തി പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുകയേ ഉള്ളൂവെന്ന് ഇന്ത്യ വ്യക്തമാക്കി.