സുഡാനിൽ സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 ആയി. ഖർത്തൂമിന്‍റെ വടക്ക്, തെക്കൻ ഭാഗങ്ങളിൽ ശക്തമായ ഏറ്റുമുട്ടലാണ് നടന്നത്. 2600ലധികം പേർക്ക് പരിക്കേറ്റു. വെള്ളവും വൈദ്യുതിയുമില്ലാതെ ജനം ദുരിതത്തിലാണെന്നും സാഹചര്യം വളരെ മോശമാണെന്നും റെഡ് ക്രോസ് അറിയിച്ചു.
ശനിയാഴ്ചയാണ് സുഡാനിൽ സൈന്യവും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർ.എസ്.എഫ്) തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായത്. അർധസൈനിക വിഭാഗത്തിന്‍റെ നിയന്ത്രണം കൈക്കലാക്കാനുള്ള സൈന്യത്തിന്‍റെ നീക്കമാണ് സംഘർഷത്തിന് കാരണം. 2019ൽ പ്രസിഡന്‍റ് ഉമർ അൽബഷീർ സൈനിക അട്ടിമറിയിലൂടെ പുറത്തായതോടെയാണ് സുഡാനിലെ സമീപകാല സംഘർഷം ആരംഭിക്കുന്നത്. 24 മണിക്കൂർ വെടി നിർത്തലിന് ധാരണയായെങ്കിലും പലയിടങ്ങളിലും ഇരുപക്ഷവും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതായാണ് റിപ്പോർട്ട്.