പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ മേഖലയിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേറ്റു. മാലി ഖേൽ മേഖലയിൽ സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിന് നേരെ മോട്ടോർ ബൈക്കിലെത്തിയാണ് ചാവേർ ആക്രമണം നടത്തിയതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
ഒരു മാസത്തിനിടെ ഖൈബർ പഖ്തൂൺഖ്വ മേഖലയിൽ ഇത്തരത്തിൽ രണ്ടാമത്തെ സംഭവമാണിത്. ജൂലൈ 30 ന് ഒരു രാഷ്ട്രീയ പാർട്ടി യോഗത്തിനിടെ നടത്തിയ ചാവേർ സ്ഫോടനത്തിൽ 54 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.