2026-ലെ ടി20 ലോകകപ്പിനായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് വരില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ റിലീസ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് ഈ സുപ്രധാന തീരുമാനം.
കളിക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ടൂർണമെന്റിനായി ഇന്ത്യയിലേക്ക് അയക്കേണ്ടതില്ലെന്ന് ബോർഡ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഐസിസിക്ക് അയച്ച ഇമെയിലിൽ, നിലവിലെ സാഹചര്യത്തിൽ സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലേക്ക് ടീമിനെ അയക്കുന്നത് സാധ്യമല്ലെന്ന് ബിസിബി വ്യക്തമാക്കിയിട്ടുണ്ട്.
ശനിയാഴ്ചയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കിയത്. ബിസിസിഐയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഫ്രാഞ്ചൈസി ഈ നീക്കം നടത്തിയത്. 2025 ഡിസംബറിൽ നടന്ന മിനി ലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് കെകെആർ മുസ്തഫിസുറിനെ സ്വന്തമാക്കിയിരുന്നത്. എന്നാൽ ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യങ്ങളും ന്യൂനപക്ഷ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും ചൂണ്ടിക്കാട്ടി ചില രാഷ്ട്രീയ, മത സംഘടനകൾ ബംഗ്ലാദേശ് താരം കൊൽക്കത്തയിൽ കളിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് താരത്തെ ഒഴിവാക്കാൻ ബിസിസിഐ നിർദ്ദേശിച്ചത്.

