ബ്രിട്ടനിലെ കെറ്ററിങ്ങിൽ മലയാളി നഴ്സ് അഞ്ജു അശോകിനെയും മക്കളെയും കൊന്ന കേസിലെ പ്രതി, അഞ്ജുവിന്റെ ഭർത്താവ് കണ്ണൂർ സ്വദേശി സാജു ചേലവേലിന് ജാമ്യമില്ല. മൂന്നുദിവസം മുൻപ് വെല്ലിംങ്ബറോ മജിസ്ട്രേറ്റ് കോടതിയിൽ സാജുവിനെ ഹാജരാക്കിയിരുന്നു. അന്ന് ഐഡന്റിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കിയ കോടതി കേസിന്റെ തുടർ നടപടികൾക്കായി ഇന്നലെ നോർതാംപ്റ്റൻഷർ ക്രൗൺ കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചിരുന്നു. തുടർന്നാണ് വിചാരണ തീരും വരെ സാജുവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കാൻ നോർതാംപ്റ്റൻഷർ ക്രൗൺ കോടതി ഉത്തരവിട്ടത്. കസ്റ്റഡിയിൽ തുടരുന്ന സാജുവിനെ വരുംദിവസങ്ങളിൽ പോലീസ് കൂടുതൽ ചോദ്യം ചെയ്യും.
കൃത്യമായ വിചാരണ നടപടികൾ ആരംഭിക്കാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും സമയമെടുക്കുമെന്നാണ് അറിയുന്നത്. മാർച്ച് 24നാണ് കേസ് വീണ്ടും പരിഗണിക്കും. കേസിന്റെ സ്വഭാവമനുസരിച്ച് 30 വർഷം വരെ സാജുവിന് തടവുശിക്ഷ ലഭിച്ചേക്കാമെന്നും നിയമവിദഗ്ധർ പറയുന്നുണ്ട്.