ലോകകേരള സഭ നിർത്തിവയ്‌ക്കണം: കെ. സുരേന്ദ്രൻകുവൈത്ത് തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ലോകകേരള സഭ നിർത്തിവയ്‌ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയൻ ലോകകേരള സഭ എന്ന മാമാങ്കം നിർത്തിവച്ച് ആ പണം മരണപ്പെട്ടവരുടെയും പരിക്ക് പറ്റിയവരുടെയും കുടുംബങ്ങൾക്ക് ധനസഹായമായി നൽകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.
കുവൈത്തിൽ ദാരുണമായി മരണമടഞ്ഞ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് രേഖപ്പെടുത്തുന്നെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ലോക കേരളസഭ സർക്കാർ നടത്തുന്നതിന്റെ ഉദ്ദേശ്യം എന്താണ്? ഇതുവരെ നടത്തിയിട്ടുള്ള ലോകകേരള സഭയിൽ നിന്നും എന്താണ് ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളത്. ഏത് പ്രവാസിക്കാണ് ലോകകേരള സഭ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുള്ളത്. കൊറോണ സമയത്തും വാഗ്‍ദാനങ്ങൾ നൽകിയെങ്കിലും പിണറായി സർക്കാർ ഒന്നും ചെയ്തിട്ടില്ല. ലോക കേരള സഭ നിർത്തിവെച്ച് പ്രവാസി മലയാളികൾക്ക് എന്തെങ്കിലും ചെയ്യേണ്ടതാണ്. ഇത്തവണത്തെ ലോകകേരള സഭ എന്ന മാമാങ്കം നിർത്തിവച്ച് ആ പണം മരണപ്പെട്ടവരുടെയും പരിക്ക് പറ്റിയവരുടെയും കുടുംബങ്ങൾക്ക് ധനസഹായമായി നൽകണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു
കേരളത്തിലെ പരിതാപകരമായ സമ്പദ്‍വ്യവസ്ഥക്ക് ജീവൻ നൽകുന്നത് പ്രവാസി മലയാളികളാണ്. പക്ഷെ, നമ്മുടെ സർക്കാർ പ്രവാസികളോട് അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ലോക കേരള സഭ എന്നു പറഞ്ഞ് കോടിക്കണക്കിന് രൂപ സർക്കാർ ഖജനാവിൽ നിന്നും ചിലവഴിച്ച് വലിയ മാമാങ്കമാണ് സർക്കാർ ഇവിടെ നടത്തുന്നത്. ഇതിന്റെ പ്രയോജനം ഏതെങ്കിലും തരത്തിൽ ഇവിടത്തെ പ്രവാസികൾക്ക് ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ, ചെലവഴിക്കുന്ന തുകയുടെ ചെറിയൊരു ശതമാനം പോലും പ്രവാസികൾക്ക് ലഭിക്കുന്നില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ നിരന്തരമായി ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്ന ഒരാളാണ്. എന്നാൽ, ഇന്നേവരെ മുഖ്യമന്ത്രി ഒരു ലേബർ ക്യാമ്പിൽ പോകുകയോ തൊഴിലാളികളുടെ ജീവിത നിലവാരത്തെ കുറിച്ച് മനസിലാക്കുകയോ ചെയ്യുന്നതായി കണ്ടിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പല ലേബർ ക്യാമ്പുകളിലും പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.