സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി. മഴ മുന്നറിയിപ്പിൽ മാറ്റവും വരുത്തിയിട്ടുണ്ട്. തീര ദിശയിൽ നിന്നുള്ള മഴ മേഘങ്ങൾ ശക്തമായി നിലനിൽക്കുന്ന വടക്കൻ കേരളത്തിലെ ജില്ലകളിൽ വരും മണിക്കൂറുകളിലും മഴ ശക്തമായി തുടരും എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ തെക്കൻ കേരളത്തിൽ മഴ കുറഞ്ഞു.
കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ തീരദേശ മേഖലകളിലും കനത്ത ജാഗ്രത വേണമെന്നാണ് നിർദേശം. വടക്കൻ കേരളത്തിൽ തീരദേശ മേഖലകളിലും കനത്ത ജാഗ്രത വേണമെന്നാണ് നിർദേശം.
അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് മരണം കൂടി. തിരുവനന്തപുരത്ത് ആര്യനാട് കുളത്തിൽ അക്ഷയ് എന്ന വിദ്യാർത്ഥി മുങ്ങിമരിച്ചു. പാറശ്ശാലയിൽ വീടിനു മുകളിൽ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടയിൽ കാൽ വഴുതിവീണ് ഗൃഹനാഥൻ മരിച്ചു. ചെറുവാരകോണം ബ്രൈറ്റ് നിവാസിൽ ചന്ദ്രനാണ് മരിച്ചത്. ഒരാഴ്ചക്കിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. കോഴിക്കോട് ജില്ലയിൽ ഇന്നലെ കാണാതായ രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്.