തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂർ ജില്ലയിലേയും പാലക്കാട് ജില്ലയിലേയും വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂർ ചൊവ്വന്നൂരിൽ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു. കുന്നംകുളം, ഗുരുവായൂര്‍, ചൊവ്വന്നൂര്‍ മേഖലകളില്‍ രാവിലെ എട്ടേകാലോടെയാണ് ഭൂചലനമുണ്ടായത്. പാലക്കാട്കു മരനെല്ലൂരിലും തൃത്താലയിലും എട്ടരയോടെ നേരിയ ഭൂചലനം അനുഭവപ്പെട്ടെന്നും നാട്ടുകാര്‍ പറയുന്നു. എവിടെയു നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഏതാനും സെക്കൻഡുകൾ മാത്രമാണ് ഭൂചലനം അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ആളുകളിൽ പലരും വീടിന് പുറത്തിറങ്ങി….
റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായതെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. പാലക്കാട് ജില്ലയിലെ തിരുമറ്റക്കോട് മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് പതിമൂന്നാം വാർഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എവിടെയാണെന്നും മറ്റു കൂടുതൽ വിവരങ്ങളോ ലഭ്യമായിട്ടില്ല. വീടുകളുടെ ജനച്ചില്ലുകൾക്ക് കുലുക്കം അനുഭവപ്പെട്ടു. ഇതോടെ ആളുകൾ പരിഭ്രാന്തരായി. അപ്രതീക്ഷിത ഭൂചലനത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ.
തൃശൂരിലെ കുന്ദംകുളം എരുമപ്പെട്ടി, പഴഞ്ഞി മേഖലയിലാണ് നേരിയ ഭൂചലനമുണ്ടായതെന്നും നാല് സെക്കൻഡ് നീണ്ടുനിന്ന ഭൂചലനമാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ദേശീയ ഭൂകമ്പ നിരീക്ഷണ സംവിധാനത്തിൽ തീവ്രത 3 രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണിതെന്നും അധികൃതർ അറിയിച്ചു.