ഉത്തരാഖണ്ഡിലെ പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ കേദാര്‍നാഥ്‌ക്ഷേത്രം ഏപ്രില്‍ 25-ന് ഭക്തര്‍ക്കായി തുറന്നുനല്‍കും. 27-ന് ബദരിനാഥ് ക്ഷേത്രം തുറക്കും. ചാര്‍ധാം യാത്രയ്ക്ക് തുടക്കമിട്ട് ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങള്‍ ഏപ്രില്‍ 22-നും ഭക്തര്‍ക്കായി തുറന്നു നല്‍കും. ചാര്‍ധാം യാത്രയ്ക്കായി 6.34 ലക്ഷം പേരാണ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് ഉത്തരാഖണ്ഡ് ടൂറിസം ഡെവലപ്മെന്റ് കൗണ്‍സില്‍ മാര്‍ച്ചില്‍ അറിയിച്ചിരുന്നു.
കാല്‍നടയായല്ലാതെ ഹെലികോപ്റ്റര്‍മാര്‍ഗവും ഭക്തര്‍ക്ക് കേദാര്‍നാഥ്‌ക്ഷേത്രത്തിലെത്താനാകും.ഐ .ആര്‍.ടി.സി. വഴിയാണ് ഹെലികോപ്റ്റര്‍ സേവനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് നടത്തേണ്ടത് .
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 12000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാണ്ഡവരാൽ പ്രതിഷ്ഠിതമായ പഞ്ചകേദാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മഹാദേവ ക്ഷേത്രമാണ്. രുദ്രപ്രയാഗ് ജില്ലയിൽ മന്ദാകിനി നദീതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്. ആദി ശങ്കരാചാര്യരുടെ ഒരു സമാധി മന്ദിരം ഈ ക്ഷേത്രത്തിനോട് ചേർന്ന് ഉണ്ടായിരുന്നു എങ്കിലും 2013ലെ മഹാപ്രളയത്തിൽ ക്ഷേത്രസമീപമുള്ള മറ്റനേകം കെട്ടിടങ്ങൾക്കൊപ്പം സമാധി മന്ദിരവും ഒലിച്ചു പോയി. മന്ദാകിനി നദി പോലും ദിശ മാറി ഒഴുകിയ മഹാപ്രളയത്തിൽ മലമുകളിൽ നിന്നും ഉരുണ്ടു വന്ന ഭീമാകാരമായ ഒരു കല്ല് ഈ ക്ഷേത്രത്തിന്റെ പിൻഭാഗത്ത് വന്നുവീണ് ഈ ക്ഷേത്രത്തെ മഹാപ്രളയത്തിൽ നിന്നും രക്ഷിച്ചത് ഒരു മഹാ അത്ഭുതമായി ഭക്തർ കാണുന്നു.