അയോദ്ധ്യയും വൈഷ്‌ണോ ദേവി ക്ഷേത്രവും ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ ഹൈന്ദവവിശ്വാസ പ്രകാരമുള്ള പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കി ഇന്ത്യന്‍ റെയില്‍വേ. ഭാരത് ഗൗരവ് ട്രെയിനില്‍ അസമില്‍ നിന്നാണ് 11 പകലും പത്തു രാത്രിയും നീളുന്ന യാത്ര ആരംഭിക്കുന്നത്. യാത്രക്ക് ഉത്തര്‍ ദര്‍ശന്‍ എന്നാണ് പേരു നല്‍കിയിരിക്കുന്നത്.
റെയില്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 33 ശതമാനം ഇളവ് ഭാരത് ഗൗരവ് ട്രെയിന്‍ യാത്രക്ക് നല്‍കുന്നുണ്ടെന്നും റെയില്‍വേ അറിയിക്കുന്നുണ്ട്. 3എസി, സ്ലീപ്പര്‍ ക്ലാസുകളില്‍ സീറ്റുകള്‍ ബുക്കു ചെയ്യാന്‍ തീര്‍ഥാടകര്‍ക്ക് അവസരമുണ്ടാവും. ആകെ 780 സീറ്റുകളുള്ളതില്‍ 580 സ്ലീപ്പറും 200 3എസി ടിക്കറ്റുകളുമാണുള്ളത്.
ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ യാത്രക്ക് അയോധ്യ രാം മന്ദിര്‍ ട്രെയില്‍ വിത്ത് വൈഷ്‌ണോ ദേവി എന്നാണ് പേര് നൽകിയിരിക്കുന്നത്. 2023 മെയ് 27 മുതല്‍ 2023 ജൂണ്‍ ആറ് വരെയന് യാത്ര ഉണ്ടാവുക. ദിബ്രുഗ്രഹ്, ലുംഡിങ്, മരിയാനി, ഗുവാഹത്തി, ന്യൂ കൂച്ച് ബെഹാര്‍, കൈത്തര്‍, ന്യൂ ജല്‍പെയ്ഗുരി എന്നീ സ്‌റ്റേഷനുകളിൽ ട്രെയിൻ എത്തും. അയോധ്യയിലെ രാമജന്മഭൂമി, ഹനുമന്‍ഗഡി, വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം,പ്രയാഗ്‌രാജിലെ ത്രിവേണി സംഗമം, അലോപി ദേവി ക്ഷേത്രം, കത്രയിലെ ശ്രീ മാതാ വൈഷ്‌ണോദേവി കത്ര എന്നിവയാണ് പ്രധാന ലക്ഷ്യസ്ഥലങ്ങള്‍. ഇക്കോണമി പാക്കേജിന് 20,850 രൂപയും സ്റ്റാന്‍ഡേഡ് പാക്കേജിന് 31,135 രൂപയുമാണ് നിരക്ക്.