ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമായി വിശേഷിപ്പിക്കപ്പെടുന്ന ദുബായ് മിറക്കിൾ ഗാർഡൻ സെപ്റ്റംബർ 28ന് തുറക്കും. മിറക്കിൾ ഗാർഡന്റെ 13-ആം പതിപ്പിനാണ് നാളെ തുടക്കമാവുന്നത്. ദുബായ് മിറക്കിൾ ഗാർഡൻ ഓരോ വർഷവും 120 ഇനങ്ങളിലുള്ള 150 ദശലക്ഷത്തിലധികം പ്രകൃതിദത്ത പൂക്കൾ പ്രദർശിപ്പിക്കുന്നു. ജനപ്രിയ സംഭവങ്ങളിൽ നിന്നും സ്മർഫുകൾ പോലെയുള്ള പ്രശസ്ത കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വ്യത്യസ്ത തീമുകളാണ് പൂന്തോട്ടത്തിനുള്ളത്.
500,000-ലധികം പുതിയ പൂക്കളും സസ്യങ്ങളും കൊണ്ട് പൊതിഞ്ഞ എമിറേറ്റ്സ് A380-ന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡിംഗ് മോക്ക്-അപ്പ് ദുബായ് മിറക്കിൾ ഗാർഡനിലെ സ്ഥിരമായ മനോഹര കാഴ്ച്ചയാണ്. ‘കുട ടണൽ’, ‘ലേക്ക് പാർക്ക്’ എന്നിവയും ഇക്കുറി പുഷപങ്ങളാൽ ഒരുക്കിയിട്ടുണ്ട്.
ദുബായ് ലാൻഡിൽ സ്ഥിതി ചെയ്യുന്ന ദുബായ് മിറാക്കിൾ ഗാർഡൻ 2013 ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തിലാണ് ആദ്യമായി തുറന്നത്. തിങ്കൾ മുതൽ വെള്ളി വരെ ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെ ഗാർഡൻ തുറന്നിരിക്കും. കൂടാതെ വാരാന്ത്യങ്ങളിലും (ശനി, ഞായർ) പൊതു അവധി ദിവസങ്ങളിലും രാവിലെ 9 മുതൽ രാത്രി 11 വരെയും ഗാർഡൻ തുറന്നുപ്രവർത്തിക്കും. മുതിർന്നവർക്ക് 100 ദിർഹവും കുട്ടികൾക്ക് 85 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസ്സിന് താഴെയുള്ളവർക്ക് സൗജന്യമാണ്.