മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് സൗദി അറേബ്യ സന്ദർശിക്കും. ഷീ ജിന്‍പിങ്ങിന്റെ സന്ദര്‍ശനത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ത്രിദിന സന്ദര്‍ശനത്തിനായി ഷീ ജിന്‍പിങ് ബുധനാഴ്ച രാജ്യത്തെത്തുമെന്ന് സൗദി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഊര്‍ജ നയം മുതല്‍ പ്രാദേശിക സുരക്ഷ, മനുഷ്യാവകാശം വരെയുള്ള വിഷയങ്ങളില്‍ സൗദി അറേബ്യയും യുഎസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും മിഡില്‍ ഈസ്റ്റിനെ ബീജിംഗിന് വിട്ടുകൊടുക്കില്ലെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലുമാണ് ഷീ ജിന്‍പിങ്ങിന്റെ സന്ദര്‍ശനം
ചൈന-ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) യോഗത്തിലും ഷീ ജിന്‍പിങ്പങ്കെടുക്കും. ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്(യുഎഇ) എന്നിവ ഉള്‍പ്പെടുന്ന ഒരു പ്രാദേശിക- രാഷ്ട്രീയ-സാമ്പത്തിക യൂണിയനാണ് ജിസിസി. ആറ് ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികള്‍ പങ്കെടുക്കുന്ന ഉച്ചകോടിയിലും ഷീ ജിന്‍പിങ് പങ്കെടുക്കും.
എണ്ണ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് യുഎസും സൗദി അറേബ്യയും ഇപ്പോഴും കടുത്ത തര്‍ക്കത്തിലാണ്. ഒക്ടോബറില്‍, ഒപെക് വിലയില്‍ ‘സ്ഥിരത’ ഉറപ്പാക്കാന്‍ പ്രതിദിനം രണ്ട് ദശലക്ഷം ബാരല്‍ ഉത്പാദനം കുറച്ചിരുന്നു. അമേരിക്കയുടെ കനത്ത എതിര്‍പ്പ് അവഗണിച്ചായിരുന്നു ഈ തീരുമാനം