വിശാഖപട്ടണത്തെ ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമാക്കി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. ന്യൂഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര നയതന്ത്രസഖ്യയോഗത്തില്‍ സംസാരിക്കുകയായിരുന്നു ആന്ധ്രാ മുഖ്യമന്ത്രി.ആന്ധ്രപ്രദേശില്‍ ബിസിനസ്സ് ചെയ്യുന്നത് എത്ര എളുപ്പമാണെന്നറിയാന്‍ സംസ്ഥാനത്തേക്ക് ക്ഷണിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വികേന്ദ്രീകൃത വികസനത്തിലാണ് സംസ്ഥാനത്തിന്റെ ഭാവിയെന്ന് നേരത്തെ റെഡ്ഡി വ്യക്തമാക്കിയിരുന്നു. വിശാഖപട്ടണത്തെ സംസ്ഥാന ഭരണനിര്‍വ്വഹണ കേന്ദ്രമാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. സംസ്ഥാന ഗവര്‍ണറുടെ ആസ്ഥാനവും ഇതായിരിക്കും. അതേസമയം നിയമസഭ അമരാവതിയില്‍ തന്നെ പ്രവര്‍ത്തിക്കും. 1956 ല്‍ പഴയ മദ്രാസ് സംസ്ഥാനത്തില്‍ നിന്ന് ആന്ധ്രയെ വേര്‍പെടുത്തിയപ്പോള്‍ തലസ്ഥാനമായിരുന്ന കുര്‍ണൂലിലേക്ക് ഹൈക്കോടതി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദില്‍ നിന്ന് ഏകദേശം 500 കിലോമീറ്റര്‍ കിഴക്കാണ് വിശാഖപട്ടണം. താരതമ്യേന പുതിയ സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവയുടെ തലസ്ഥാനങ്ങളെക്കാള്‍ വികസിക്കാനുളള കഴിവ് ഈ നഗരത്തിനുണ്ട് എന്നാണ് കരുതുന്നത് .