റോഡ് ഉപരോധിച്ചും ഗതാഗതം തടസ്സപ്പെടുത്തിയും മതപരമായ ആഘോഷങ്ങൾ നടത്താൻ പാടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ ഉത്തരവ് പുറത്തിറക്കി. അക്ഷയത്രിതീയ ആഘോഷങ്ങൾ, ഈദ് വരാനിരിക്കെയാണ് റോഡിലിറങ്ങിയുള്ള ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. അനുമതിയില്ലാതെ ഒരു ആഘോഷവും നടത്താൻ പാടില്ല. മതപരമായ ചടങ്ങുകളും ആരാധനയും മറ്റും അതത് ഇടങ്ങളിൽ മാത്രമേ നടത്താവൂ എന്നും നിർദേശത്തിൽ പറയുന്നു.
പരമ്പരാഗതമായ ചടങ്ങുകൾക്കു മാത്രമേ അനുമതി നൽകൂവെന്നും അറിയിച്ചിട്ടുണ്ട്. ആരാധനാലയങ്ങളിൽ പ്രത്യേക സുരക്ഷ ഉറപ്പാക്കണമെന്നും പ്രശ്നബാധിത മേഖലകളിൽ കൂടുതൽ സേനാംഗങ്ങളെ വിനിയോഗിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. സമാഹമാധ്യമത്തിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടയുണ്ടാകുമെന്നും അറിയിച്ചു. ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദ്, ഡിജിപി ആർ.കെ.വിശ്വകർമ എന്നിവർ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുമായി വിഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് തീരുമാനം.