വാഷിംഗ്ടൺ: യുഎസിലെ അതിർത്തി പ്രദേശത്ത് കണ്ടെത്തിയ ചൈനയുടെ ചാര ബലൂണിനെ യുഎസ് വെടിവച്ചിട്ടു. അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ബലൂണിനെ വെടിവെച്ച് വീഴ്ത്തി എന്ന് അമേരിക്കൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എഫ് 22 ജെറ്റ് ഫൈറ്റർ ആണ് ബലൂണിനെ വെടിവെച്ചിടാൻ ഉപയോഗിച്ചത്.
ചാര ബലൂൺ വെടിവച്ചിടുന്ന സമയത്ത് മൂന്നോളം എയർപോർട്ടുകൾ അടച്ചിടുകയും അമേരിക്കൻ വ്യോമ ഗതാഗതത്തിന് ഭാഗികമായി നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. യുഎസ് സമുദ്രതീരത്തു നിന്നും 6 നോട്ടിക്കൽ മൈൽ അകലെ സൗത്ത് കരോലിനയ്ക്ക് സമീപത്താണ് ബലൂൺ പതിച്ചത്. ബലൂണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ അമേരിക്കയുടെ രണ്ട് കപ്പൽ അടക്കം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അതേസമയം യുഎസിന്റെ അതിർത്തി പ്രദേശങ്ങളിൽ ചാര ബലൂൺ കണ്ടെത്തിയതിനെ തുടർന്ന് യുഎസും ചൈനയും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾ വഷളായിരുന്നു. ഇതേത്തുടർന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ചൈനീസ് സന്ദർശനം മാറ്റിവെച്ചു. എന്നാൽ കണ്ടെത്തിയ ബലൂൺ ചാര ബലൂൺ അല്ലെന്നും കാലാവസ്ഥ സംബന്ധിച്ച് പഠനം നടത്തുന്നതിന് അയച്ച ബലൂൺ ആണെന്നാണ് ചൈനയുടെ വിശദീകരണം.
നിരവധി സമ്മർദ്ദങ്ങൾക്കിടയിലാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൈനയുടെ ചാര ബലൂൺ വെടിവച്ച് ഇടാൻ തീരുമാനിച്ചത്. ജനങ്ങളുടെ ജീവന് ആപത്തുണ്ടായേക്കാം എന്ന പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൂട്ടലിനെ തുടർന്ന് ആദ്യം ബലൂണിനെ വെടിവച്ച് ഇടാനുള്ള തീരുമാനം വേണ്ടെന്ന് വച്ചിരുന്നു. അമേരിക്കയുടെ പ്രധാന സൈനിക കേന്ദ്രങ്ങളുടെ രഹസ്യം ചോർത്താനാണ് ചൈന ചാര ബലൂൺ ഉപയോഗിച്ചതെന്ന് അമേരിക്കയിൽ ആരോപണം ഉയർന്നിരുന്നു.