പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം 2023 ജനുവരി 31 മുതല്‍ ആരംഭിക്കും. ബജറ്റ് സമ്മേളനം ഏപ്രില്‍ ആറിന് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി ഒന്നിനാകും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് കേന്ദ്ര ബജറ്റ്അവതരിപ്പിക്കുക. ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനത്തില്‍തന്നെ സാമ്പത്തിക സര്‍വെയുമുണ്ടാകും. ധനമന്ത്രി നിര്‍മല സീതാരാമന്റെ അഞ്ചാമത്തെ ബജറ്റും 2024 ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ സമ്പൂര്‍ണ ബജറ്റും ആയിരിക്കും ഇത്.
ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക. പാര്‍ലമെന്റിന്റെ ഇരുസഭകളെയും ആദ്യമായാണ് രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പരമോന്നത പദവി ഏറ്റെടുത്ത ശേഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലുമായി മുര്‍മു നടത്തുന്ന ആദ്യ പ്രസംഗമാണിത്. ഇതിന് ശേഷം ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 10വരെ തുടരും. സമ്മേളനത്തിന്റെ രണ്ടാം ഭാഗം മാര്‍ച്ച് ആറിന് ആരംഭിച്ച് ഏപ്രില്‍ ആറിനാകും അവസാനിക്കുക.