മയക്കുമരുന്നുമായി എട്ടുയുവാക്കള്‍ തിരുവനന്തപുരത്ത് പിടിയിലായി. യുവാക്കളില്‍നിന്ന് രണ്ടരഗ്രാം എം.ഡി.എം.എ.യും അഞ്ച് എല്‍.എസ്.ഡി. സ്റ്റാമ്പുകളും പിടിച്ചെടുത്തു. രണ്ട് വാഹനങ്ങളിലായി ഗോവയില്‍നിന്ന് തിരികെ വരുന്നതിനിടെയാണ് കഴക്കൂട്ടത്ത് വാഹനം പിന്തുടര്‍ന്ന് പോലീസ് സംഘം യുവാക്കളെ പിടികൂടിയത്.
നേമം സ്വദേശി ശ്രീജിത്, പൂന്തുറ സ്വദേശി ആദര്‍ശ്, മുട്ടത്തറ സ്വദേശി ദീപു ജി. ദത്ത്, തിരുവല്ലം സ്വദേശി രഞ്ജിത്, പള്ളിച്ചല്‍ സ്വദേശികളായ വിഷ്ണു, ശ്യാംകുമാര്‍, കരമന സ്വദേശികളായ സുഭാഷ്, അരുണ്‍ എന്നിവരാണ് പിടിയിലായവര്‍. ഇവരെക്കുറിച്ച് പോലീസിന് നേരത്തെ രഹസ്യവിവരം ലഭിച്ചതിനാൽ ഇവരെല്ലാം നിരീക്ഷണത്തിലായിരുന്നു. അന്വേഷണത്തില്‍ ഇവരാരും സ്ഥലത്തില്ലെന്നും ഗോവയില്‍ പോയിരിക്കുകയാണെന്നും കണ്ടെത്തി. തുടര്‍ന്ന് ഗോവയില്‍നിന്ന് തിരികെ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് പോലീസ് സംഘം ഇവരെ പിന്തുടര്‍ന്നത്. ദീപുവും ശ്രീജിതും കൊലക്കേസ് അടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും മയക്കുമരുന്ന് വില്പന നടത്തുന്നവരാണെന്നും പോലീസ് പറഞ്ഞു.