തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 15,000 കടന്നു. തുർക്കിയിൽ 12391 പേരും സിറിയയിൽ 2992 പേരുമാണ് ഭൂകമ്പത്തിൽ മരണമടഞ്ഞതായി കണക്കുകൾ പുറത്തുവരുന്നത്. നിലവിൽ ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ജനങ്ങൾ ചികിത്സ കിട്ടാതെ അലയുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ച പ്രദേശത്തെ രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി മാറി കൊണ്ടിരിക്കുകയാണ്.
ഭൂകമ്പത്തെ തുടർന്ന് സിറിയയിൽ 2,98,000 ലധികം ആളുകൾക്ക് വീടുവിട്ടു പോകേണ്ടതായി സാഹചര്യം വന്നിട്ടുണ്ട്. വടക്കു പടിഞ്ഞാറൻ വിമതരുടെ നിയന്ത്രണത്തിലുള്ള 1730 ഓളം പേർ മരണമടഞ്ഞതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ സർക്കാർ നിയന്ത്രണ പ്രദേശങ്ങളിൽ മരണമടഞ്ഞവരുടെ കണക്കുകൾ 1262 ആണ്. 5108 പരിക്ക് പറ്റിയിട്ടുണ്ട്.
അപകടത്തിൽ കോൺക്രീറ്റ് പാളികൾക്കും കെട്ടിട അവശിഷ്ടങ്ങളിലും പലരും 60 മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയാണ് . മനുഷ്യരും മൃഗങ്ങളും ഒരുപോലെ ദുരിതമനുഭവിക്കുന്ന അവസ്ഥയാണ് ദുരന്തബാധിത പ്രദേശത്തുള്ളത്. പ്രദേശത്തെ പ്രതികൂല കാലാവസ്ഥ കാരണം വെള്ളം, ഭക്ഷണം, ചികിത്സ എന്നിവ ദുരന്ത ഭൂമിയിൽ എത്തിക്കാനുള്ള ബുദ്ധിമുട്ടും നേരിടുന്നുണ്ട്. രക്ഷാ പ്രവർത്തനം രാപകൽ വ്യത്യാസമില്ലാതെ തുടരുകയാണ്.
അതേസമയം തുർക്കിയിലെ രക്ഷാപ്രവർത്തനങ്ങളിൽ സഹായഹസ്തവുമായി ഇന്ത്യൻ വ്യോമസേനയുടെ ഏഴ് വിമാനങ്ങൾ ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തുർക്കി ആവശ്യപ്പെടുന്നത് അനുസരിച്ച് കൂടുതൽ സംഘങ്ങളെ അയക്കാൻ തയ്യാറാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.