ചന്ദ്രയാൻ 3 കുതിച്ചുയർന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം ഉയർന്നുപൊങ്ങിയപ്പോൾ രാജ്യത്തിന്റെ അഭിമാന ദൗത്യമാണ് വിജയകരമായി വിക്ഷേപിച്ചത്. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ലാൻഡർ ഇറങ്ങുമെന്നാണ് വിലയിരുത്തുന്നത്.
ശാസ്ത്രജ്ഞരും കേന്ദ്രമന്ത്രിയടക്കം ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൌത്യം പേകടം വിക്ഷേപിച്ചത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഷെഡ്യൂൾ ചെയ്‌ത ലാൻഡിംഗ് ഓഗസ്‌റ്റ് 23ന് നടക്കുമെന്നാണ് പ്രതീക്ഷ.
വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനുട്ടിൽ പേടകം റോക്കറ്റിൽ നിന്ന് വേർപെട്ടു. ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ എറ്റവും കുറഞ്ഞ ദൂരവും 36500 കിലോമീറ്റർ കൂടിയ ദൂരവുമായിട്ടുള്ള പാർക്കിംഗ് ഓർബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിക്കുക. അവിടുന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടി കൂട്ടി കൊണ്ടുവരും. ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര. ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ അഞ്ച് ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ച് കൊണ്ടു വരും. ഒടുവിൽ ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിയ ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ചാന്ദ്രയാൻ മൂന്ന് ലാൻഡർ വേർപ്പെടുക.അതിന് ശേഷം ലാൻഡർ ചന്ദ്രനിൽ നിന്ന് മുപ്പത് കിലോമീറ്റർ കുറഞ്ഞ ദൂരവും നൂറ് കിലോമീറ്റർ കൂടിയ ദൂരവുമായിട്ടുള്ള ഒരു ഭ്രമണപഥത്തിലേക്ക പ്രവേശിക്കും. ഇവിടെ നിന്നാണ് നിർണായകമായ ലാൻഡിംഗ് പ്രക്രിയ തുടങ്ങുന്നത്. ഭ്രമണപഥം വിട്ട് കഴിഞ്ഞാൽ 20 മിനുട്ട് കൊണ്ട് ലാൻഡ് ചെയ്യാനാണ് ഇസ്രൊ പദ്ധതിയിട്ടിരിക്കുന്നത്. ആഗസ്റ്റ് 23നോ 24നോ ആയിരിക്കും ആ ചരിത്ര നിമിഷം. ലാൻഡിംഗ് കഴിഞ്ഞാൽ റോവർ പുറത്തേക്ക്. പിന്നെ 14 ദിവസം നീളുന്ന പര്യവേഷണം. ഇത്രയും കഴിഞ്ഞാൽ മാത്രമേ ചന്ദ്രയാൻ മൂന്ന് ദൗത്യം വിജയകരമായി പൂർത്തിയായെന്ന് പ്രഖ്യാപിക്കാനാവൂ.