ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്കു ലഹരി കടത്തിയവർക്ക് പാക്കിസ്ഥാൻ ബന്ധമെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി. തിരുച്ചിറപ്പള്ളിയിൽനിന്നു പിടിയിലായ ഒൻപതു പേരടങ്ങുന്ന സംഘത്തിലെ രണ്ടു പേർക്കു പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് ആയുധങ്ങളും ലഹരിയും കടത്തുന്ന ഹാജി സലിം നെറ്റുവർക്കുമായി ബന്ധമുണ്ടെന്നാണ് വിവരം. സംഘത്തിലെ ‘ഗുണ’ എന്നു വിളിക്കുന്ന ഗുണശേഖരൻ, ‘പൂക്കുട്ടി’ എന്നു വിളിക്കുന്ന പുഷ്പരാജ് എന്നിവർക്കാണ് പാക് ബന്ധമുള്ളത്. നേരത്തേ എൽടിടിയുമായി ബന്ധമുണ്ടായിരുന്നവരാണ് ഇരുവരും. ശ്രീലങ്കയിലെ ലഹരി ഇടപാടുകൾക്കു ചുക്കാൻ പിടിച്ചിരുന്നത് ഇവരാണെന്നു തിരിച്ചറിഞ്ഞിരുന്നു. തിരുച്ചിറപ്പള്ളിയിൽ പ്രത്യേക ക്യാംപിൽ താമസിക്കുന്ന ഇരുപതോളം പേര്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
ഇന്ത്യന്‍ മഹാസമുദ്രം വഴി ലഹരിയും ആയുധവും എത്തിച്ച് എൽടിടിഇയെ പുനരുജ്ജീവിപ്പിക്കുകയാണ് സംഘം ലക്ഷ്യമിട്ടത്. സംഘവുമായി ബന്ധമുള്ളവർ താമസിച്ചിരുന്നു എന്നു സംശയിച്ച് ചെന്നൈ, തിരുപ്പൂർ, ചെങ്കൽപേട്ട്, തിരുച്ചിറപ്പള്ളി ജില്ലകളിൽ വിവിധ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ നിരവധി ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഇവ വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയതിൽ നിന്നാണ് പാക് ബന്ധം വ്യക്തമായത്. വിഴിഞ്ഞം തീരത്തുനിന്നു ലഹരി പിടിച്ചെടുത്ത സംഭവത്തിന്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നത്.