ഉത്തരേന്ത്യയിൽ മൂടൽമഞ്ഞ് കനത്തതോടുകൂടി ലഖ്‌നൗ, വാരാണസി, ചണ്ഡിഗഡ് വിമാനത്താവളങ്ങളിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചു വിടുന്നു. മൂന്ന് വിമാനങ്ങൾ ഡൽഹി വിമാനത്താവളത്തിൽ ഇറക്കി. ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ശൈത്യം രണ്ടു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഡൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്തമഞ്ഞാണ് അനുഭവപ്പെടുന്നത്. 5ഡിഗ്രി യിലേക്ക് താപനില താഴ്ന്ന ഒരു സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. നിലവിൽ 250 മീറ്റർ വരെയുള്ള കാഴ്ച പരിധി 150 മീറ്റർ വരെ കുറഞ്ഞേക്കാവുന്ന സാഹചര്യമാണ് വിമാനം ട്രെയിൻ ഉൾപ്പെടെയുള്ള ഗതാഗത സംവിധാനത്തെ സാരമായി ബാധിച്ചിരിക്കുന്നത്. ഇന്നലെ മാത്രം അതി ശൈത്യത്തെ തുടർന്നുണ്ടായ അപകടങ്ങളിൽ മാത്രം മൂന്ന് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 50 മീറ്റർ പോലും ദൃശ്യപരിധിയില്ലാത്ത സാഹചര്യം ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
പുകമഞ്ഞ് വ്യാപകമായതോടെ അപകടങ്ങളുടെ എണ്ണവും വർധിച്ചുവരുന്ന അവസ്ഥയാണ് നിലവിലുള്ളത്. അപകടങ്ങൾ പതിവായതോടെ യു പി സ്റ്റേറ്റ് ട്രാൻസ്‌പോർട് കോർപറേഷൻ രാത്രി കാല ബസ് സർവീസ് നിർത്തിവച്ചിട്ടുണ്ട്. മുൻവർഷങ്ങളിലേതിനേക്കാൾ കാഠിന്യമേറിയതാണ് ഇത്തവണത്തെ മഞ്ഞ്. മഞ്ഞിനൊപ്പം രൂക്ഷമായ അന്തരീക്ഷവായു മാലിനികരണവും സാഹചര്യം കൂടുതൽ മോശമാകുന്നതിന് കാരണമാകുന്നുണ്ട്.