മണിപ്പൂരില്‍ ഗവര്‍ണര്‍ നുസൂയ ഉയ്കെയുടെ അധ്യക്ഷതയിൽ സമാധാന സമിതി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍. സമിതിയില്‍ മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ അംഗങ്ങളാണ്. മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വംശീയ വിഭാഗങ്ങളുടെ പ്രതിനിധികള്‍ എന്നിവരും സമിതിയില്‍ ഉള്‍പ്പെടുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മെയ് 29 നും ജൂണ്‍ 1 നും ഇടയില്‍ മണിപ്പൂര്‍ സന്ദര്‍ശിച്ച് സമാധാന സമിതിയുടെ രൂപീകരണം പ്രഖ്യാപിച്ചിരുന്നു. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാനം റഫര്‍ ചെയ്ത ആറ് കേസുകള്‍ അന്വേഷിക്കാന്‍ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കീഴില്‍ സിബിഐ 10 അംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ച് ഒരു ദിവസത്തിന് ശേഷമാണ് പുതിയ നീക്കം.
മേയ് 3 ന് മലയോര ജില്ലകളില്‍ പട്ടികവര്‍ഗ (എസ്ടി) പദവി ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് ‘ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് മണിപ്പൂരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ, ഏകദേശം 100 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 300-ലധികം പേര്‍ക്ക് പരിക്കേറ്റു. റിസര്‍വ് ഫോറസ്റ്റ് ഭൂമിയില്‍ നിന്ന് കുക്കി ഗ്രാമക്കാരെ ഒഴിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള സംഘര്‍ഷം ചെറിയ പ്രക്ഷോഭങ്ങളുടെ പരമ്പരയിലേക്ക് നയിക്കുകയായിരുന്നു.