ഉപഗ്രഹസർവ്വേ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിട്ടും സർക്കാർ തയാറാകാതിനെതുടർന്ന് റിപ്പോർട്ട് പിൻവലിക്കണമെന്ന് താമരശ്ശേരി ബിഷപ്പ്. ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന മാപ്പ് തെറ്റുകൾ നിറഞ്ഞതാണെന്നും ശരിയായി മനസിലാക്കാൻ സാധിക്കാത്തതാണെന്നും ബിഷപ്പ് മാർ റമഞ്ചിയോസ് ഇഞ്ചനാനിയൽ പറഞ്ഞു. നാളെ കോഴിക്കോട്ടെ മലയോര മേഖലകളിൽ സമരം തുടങ്ങും. ഉപഗ്രഹ സർവ്വേ റിപ്പോർട്ട് പുറത്തുവിടണമെന്ന് നിരവധി വട്ടം ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറായില്ലെന്ന് താമരശേരി രൂപത ബിഷപ്പ് പറഞ്ഞു.
കർഷകരുടെ പ്രശ്നങ്ങൾ മനസിലാക്കാതെ തയ്യാറാക്കിയ റിപ്പോർട്ട് ആണ് ഇതെന്നും കർഷകരെ ഒരു രീതിയിലും ബാധിക്കാത്ത രീതിയിൽ ഭൂമിയുടെ അതിർത്തി നിശ്ചയിക്കാനുമാണ് സഭ പറയുന്നതന്നും അദ്ദേഹം വ്യക്തമാക്കി. അതിജിവനത്തിനുള്ള അവകാശം നിഷേധിക്കരുത്. സാമൂഹികാഘാത പഠനം നടത്തണം. സുപ്രീംകോടതിയില്‍ സാവകാശം തേടണം. കര്‍ഷകര്‍ക്ക് കൃഷിക്കും ജീവിക്കാനുള്ള അവകാശവും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബഫർസോൺ വിഷയത്തിൽ പ്രമേയം പസാക്കി ബത്തേരി നഗരസഭയും രംഗത്തുവന്നു. നേരിട്ട് വിവരശേഖരണം നടത്തണമെന്നും വനാതിർത്തിയിൽ നിന്ന് വനത്തിനുള്ളിലേക്ക് ബഫർസോൺ നിശ്ചയിക്കണമെന്നും നഗരസഭ ആവശ്യപ്പെടുന്നു. ബഫർസോൺ പ്രശ്നത്തിൽ സർക്കാർ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കാലാവധി 2 മാസം കൂടി നീട്ടും. ഉടൻ ഉത്തരവ് ഇറങ്ങും. സെപ്റ്റംബർ 30 നായിരുന്നു അഞ്ചംഗകമ്മിറ്റി ഉണ്ടാക്കിയത്. ഡിസംബർ 30 നുള്ളിൽ അന്തിമ റിപ്പോർട്ട് നല്കാൻ ആയിരുന്നു നിർദേശം.