കഴിഞ്ഞ ദിവസം ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ മേൽക്കൂര തകർന്ന് അപകടം ഉണ്ടായിരുന്നു. അപകടത്തിൽ
ഒരാൾ മരിക്കുകയും 8 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഇതോടെ ദില്ലി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിന്‍റെ പ്രവർത്തനം നിർത്തിവെച്ചു. ഇതിനെ തുടർന്നാണ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടെർമിനലിന്‍റെ പ്രവർത്തനം നിര്‍ത്തുന്നതായി അറിയിപ്പ് വന്നത്.
കനത്ത മഴയെത്തുടർന്ന് ഡിപ്പാർച്ചർ ടെർമിനൽ ഒന്നിലെ മേൽക്കൂരയാണ് കാറുകൾക്കുമേൽ പതിച്ചത്. നാലുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച ഒരാൾ ടാക്സി ഡ്രൈവറാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ടെർമിനൽ 1 ലെ എല്ലാ പ്രവർത്തനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചിരുന്നു. വിമാനങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ ഇതര ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം ടെർമിനൽ 2, ടെർമിനൽ 3 എന്നിവിടങ്ങളിലായി പ്രവർത്തനം തുടരും.
വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണു സംഭവം. മേൽക്കൂരയിലെ ഷീറ്റുകളും അതു താങ്ങിനിർത്തിയിരുന്ന തൂണുകളുമാണു നിലംപൊത്തിയത്. ഒട്ടേറെ കാറുകൾക്കു കേടുപാടുകളുണ്ടായി. സംഭവത്തെതുടര്‍ന്ന് വ്യോമയാന മന്ത്രി രാം മോഹൻ നായിഡു വിമാനത്താവളം സന്ദര്‍ശിച്ചിരുന്നു. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം നഷ്ടപരിഹാരം നൽകുമെന്നും ശക്തമായ മഴയെ തുടർന്നാണ് മേൽക്കൂര തകർന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനമെന്നും കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കുകയും ചെയ്തു. എയര്‍പോര്‍ട്ട് അധികൃതരും വ്യോമയാന മന്ത്രാലയവും അന്വേഷണം നടത്തുമെന്നും നിയമ നടപടി ഉണ്ടാകുമെന്നും അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും മന്ത്രി വിശദീകരിച്ചു.