ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് എംപി ഗണേശമൂർത്തി അന്തരിച്ചു. അമിതമായി ഉറക്ക ഗുളിക കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് 76കാരനായ ഗണേശമൂർത്തി മരണത്തിന് കീഴടങ്ങിയത്..
മാർച്ച് 24 ന് അസ്വസ്ഥതയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് എംപിയെ കുടുംബാംഗങ്ങൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ഗണേശമൂർത്തിയെ പിന്നീട് ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈറോഡിൽ നിന്നാണ് എംപി ജനവിധി തേടിയത്.
ഇത്തവണ ഈറോഡ് സീറ്റിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായ ഡിഎംകെയാണ് മത്സരിക്കുന്നത്. പകരം നൽകിയ സീറ്റിലും ഗണേശമൂർത്തിക്ക് അവസരം ലഭിച്ചിരുന്നില്ല. ഇതിൽ മനോവിഷമത്തിലായിരുന്നുവെന്ന് പാർട്ടി പ്രവർത്തകർ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതുമായി ബന്ധപ്പെട്ട വിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം പറയുന്നു.