കർണാടകയിലെ 224 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും ജെഡിഎസും തമ്മിലുള്ള ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഉച്ചവരെ നാൽപ്പത് ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി. 2,615 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. സംസ്ഥാനത്ത് പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാനായി അഞ്ച് കോടിയിലധികം ആളുകൾ വോട്ട് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് വലിയ പ്രതീക്ഷയിലാണ് കോൺഗ്രസും ബിജെപിയും ഒപ്പം ജെഡിഎസും. നഗരമേഖലകളിൽ സാമാന്യം ഭേദപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയത്. വാശിയേറിയ പോരാട്ടം നടക്കുന്ന ഉത്തര കർണാടകയിലെ പല മണ്ഡലങ്ങളിലും ദക്ഷിണ കന്നഡ ജില്ലയിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്.
ദക്ഷിണേന്ത്യൻ കോട്ട നിലനിർത്താൻ ചരിത്രം രചിക്കാനാണ് ബിജെപി ശ്രമം. അതേസമയം പോരാട്ടവീര്യമുള്ള കോൺഗ്രസ് സംസ്ഥാനത്ത് ഒരു തിരിച്ചുവരവ് നടത്താനാണ് ലക്ഷ്യമിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ ദേശീയ തലത്തിൽ ഒരു മടങ്ങി വരവാണ് അവർ ഇതിലൂടെ ലക്ഷ്യമിടുന്നത്. കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും മന്ത്രി ആർ അശോകയും മത്സരിക്കുന്ന കനകപുരയിലാണ് ഉച്ച വരെ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. കർണാടകയിലെ ഏറ്റവും വലിയ താലൂക്കായ കൊല്ലെഗലിലാണ് ഏറ്റവും കുറവ് പോളിംഗ്. കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ കുടുംബത്തോടൊപ്പം ശിക്കാരിപൂരിലെ ശ്രീ ഹുച്ചരായ സ്വാമി ക്ഷേത്രത്തിൽ എത്തി പ്രാർഥന നടത്തി. മകൻ ബിവൈ വിജയേന്ദ്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. എന്നാൽ യെദ്യൂരപ്പ ഇക്കുറി മത്സരരംഗത്തില്ല.
കഴിഞ്ഞ വർഷം വെറും 55% പോളിംഗ് മാത്രമാണ് ബെംഗ്ളുരു നഗരത്തിൽ രേഖപ്പെടുത്തിയത്. പതിവിന് വിപരീതമായി ഇന്ന് രാവിലെ നേരത്തേ തന്നെ ആളുകൾ പോളിംഗ് ബൂത്തുകളിലെത്തുന്നത് കണ്ടു. 2018-ൽ 72.45% ആയിരുന്നു സംസ്ഥാനത്തെ ആകെ പോളിംഗ് ശതമാനം. രാജ്യത്ത് തന്നെ ആദ്യമായി വോട്ട് ഫ്രം ഹോം എന്ന സൗകര്യം നടപ്പാക്കിയത് ഈ തെരഞ്ഞെടുപ്പിലാണ്. ഈ സൗകര്യം ഉപയോഗിക്കാവുന്നവരിൽ 94% പേരും വോട്ട് രേഖപ്പെടുത്തി. ഭരണവിരുദ്ധവികാരവും അഴിമതിയാരോപണങ്ങളും വലിയ വെല്ലുവിളിയായിരുന്ന തെരഞ്ഞെടുപ്പിൽ അവസാനലാപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രചാരണത്തിന്‍റെ കടിഞ്ഞാൺ നേരിട്ട് കയ്യിലെടുത്തത്.