ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു. 99.92 ശതമാനം പേർ ജയിച്ച കോട്ടയം റവന്യൂ ജില്ലയിലാണ് ഏറ്റവുമധികം പേർ ജയിച്ച റവന്യൂ ജില്ല. ഈ പട്ടികയിൽ 99.08 ശതമാനം വിജയവുമായി തിരുവനന്തപുരമാണ് ഏറ്റവും പിന്നിൽ. 100 ശതമാനം വിജയവുമായി പാലാ വിദ്യാഭ്യാസ ജില്ല ഒന്നാമതും 99 ശതമാനം വിജയവുമായി ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ല അവസാന സ്ഥാനത്തുമായി.
892 സർക്കാർ സ്കൂളുകളിലും 1139 എയ്ഡഡ് സ്കൂളുകളിലും 443 അൺ എയ്ഡഡ് സ്കൂളുകളിലും മുഴുവൻ വിദ്യാർഥികളും വിജയിച്ചു. 71831 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 4,27,105 വിദ്യാർഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. 4,25,563 പേർ ഉന്നത പഠനത്തിന് അർഹത നേടി. കഴിഞ്ഞ വർഷം 99.7 ശതമാനത്തോടെ റെക്കോഡ് വിജയമാണ് ഉണ്ടായത്.
എസ്.എസ്.എൽ.സി എഴുത്തു പരീക്ഷയിലും മിനിമം മാർക്ക് നിർബന്ധമാക്കി. 40 മാർക്കുള്ള വിഷയത്തിന് 12ഉം 80 മാർക്കുള്ള വിഷയത്തിന് 24ലുമാണ് മിനിമം മാർക്ക് എന്ന് വിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷ ഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. കൈറ്റിന്റെ ‘സഫലം 2024’ മൊബൈൽ ആപ്പിലൂടെയും ഫലമറിയാം. റിസൽട്ട് അനാലിസിസ് എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ റിസൽട്ട് ലഭിക്കും. www.results.kite.kerala.gov.in , www.result.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ഫലം അറിയാം.