നിയമസഭ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ചുചേർത്ത യോഗത്തിൽ ശശി തരൂർ എം.പി പങ്കെടുക്കില്ല. കൊച്ചിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത മഹാപഞ്ചായത്ത് പരിപാടിയിൽ തന്നെ അപമാനിച്ചതിനെ തുടർന്നാണ് ഈ തീരുമാനമെന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളുടെ സൂചനയായാണ് ഈ വിട്ടുനിൽക്കൽ വിലയിരുത്തപ്പെടുന്നത്. തന്റെ സംഭാവനകളെ പാർട്ടി അവഗണിക്കുന്നതിന്റെ തുടർച്ചയാണ് ഈ സംഭവമെന്ന് അദ്ദേഹം അടുത്ത അനുയായികളോട് പങ്കുവെച്ചതായും റിപ്പോർട്ടുകളുണ്ട്.
കൊച്ചിയിലെ പരിപാടിയിൽ ഇരിപ്പിടങ്ങളുടെ കാര്യത്തിലും പ്രസംഗ സമയക്രമത്തിലും പ്രശ്നങ്ങൾ ഉയർന്നുവന്നു. ശശി തരൂരിൻറെ പ്രസംഗത്തിന് ശേഷം രാഹുൽ ഗാന്ധി മാത്രമേ സംസാരിക്കൂ എന്നാണ് തരൂരിനെ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് മറ്റ് നേതാക്കളും സംസാരിച്ചു. അദ്ദേഹത്തെ പോലുള്ള മുതിർന്ന നേതാവിനെ പരസ്യമായി അവഹേളിക്കുന്നതിന് തുല്യമാണ് ഈ വീഴ്ചകളെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു.
മുൻകൂട്ടി നിശ്ചയിച്ച പ്രോട്ടോക്കോൾ ലംഘിച്ച് രാഹുൽ ഗാന്ധി എത്തിയ ശേഷവും നിരവധി നേതാക്കൾ പ്രസംഗിച്ചു. ഇതിൽ തരൂരിന് അതൃപ്തിയുണ്ടായിരുന്നു. പ്രസംഗത്തിനിടെ ശശി തരൂരിൻറെ പേര് രാഹുൽ ഗാന്ധി പറഞ്ഞില്ലെന്നതും ശ്രദ്ധേയമായി. സംസ്ഥാനത്തെയും പാർട്ടിയിലെയും മുതിർന്ന നേതാവായിട്ടും തരൂരിനെ അംഗീകരിക്കാത്തത് അതൃപ്തിക്ക് ആക്കം കൂട്ടി.
അതേസമയം കോൺഗ്രസ് ഹൈക്കമാൻഡ് യോഗത്തിൽ തരൂർ പങ്കെടുക്കില്ലെങ്കിലും ഇന്ന് കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. തരൂരിന്റെ അസ്വസ്ഥതയോ കേരള തിരഞ്ഞെടുപ്പ് യോഗം ഒഴിവാക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനമോ സംബന്ധിച്ച് കോൺഗ്രസ് പാർട്ടി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

