കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തു. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കെ അനുശ്രീയെ കൂടാതെ, ജില്ലാ പ്രസിഡന്റ് പിഎസ് സഞ്ജീവ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അന്യായമായി സംഘം ചേരല്‍, കലാപ ശ്രമം ഉള്‍പ്പെടെയുള്ള നാലു വകുപ്പുകളാണ് ഇവര്‍ക്കെതിരെ കണ്ണൂര്‍ പൊലീസ് ചുമത്തിയിരിക്കുന്നത്. പൊലീസിന്റേത് സ്വഭാവിക നടപടിയാണെന്നാണ് എസ്എഫ്ഐ വിശദീകരണം.
ബീച്ചില്‍ തയ്യാറാക്കിയ പപ്പാഞ്ഞിയുടെ മാതൃകയിലുള്ള 30 അടി ഉയരത്തിലുള്ള ഗവര്‍ണറുടെ കോലമാണ് കത്തിച്ചത്. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് കോലം കത്തിക്കലെന്നും സംഘടന വിശദീകരിച്ചു. വൈക്കോലും വെളളത്തുണിയും കൊണ്ട് 30 അടിയിൽ തീർത്ത കാവി ഷാൾ പുതപ്പിച്ച പാപ്പാഞ്ഞിക്ക് ഗവർണറുടെ ചിത്രമുളള തലയും വച്ച് അത് കത്തിച്ചായിരുന്നു പയ്യാമ്പലത്ത് എസ്എഫ്ഐയുടെ വർഷാവസാന വൈകുന്നേരം. ഗവർണർ ഉന്നമിട്ട കണ്ണൂർ തന്നെ എസ്എഫ്ഐ വ്യത്യസ്ത പ്രതിഷേധത്തിന് വേദിയാക്കി. പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി വലിയ പൊലീസ് സംഘം പയ്യാമ്പലത്ത് ഉണ്ടായിരിക്കെയായിരുന്നു കോലം കത്തിക്കൽ.
നേരത്തെ കേരള സര്‍വകലാശാല സെനറ്റിലേക്ക് ബിജെപി അനുകൂലികളെ ചാന്‍സലര്‍ കൂടിയായ ഗവർണർ നാമനിര്‍ദ്ദേശം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ ഏറെ നാളായി പ്രതിഷേധം തുടരുന്നത്. അടുത്തിടെ കാലിക്കറ്റ് സര്‍വകലാശാലയിലും ഗവര്‍ണര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് എസ്എഫ്‌ഐ നടത്തിയത്. സംസ്ഥാനത്തെ മുഴുവന്‍ ക്യാമ്പസുകളിലേക്കും ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് എസ്എഫ്‌ഐ പ്രഖ്യാപിച്ചിരുന്നു.