ആന്ധ്രപ്രദേശിലെ ഓയിൽ ഫാക്ടറിയിൽ ഉണ്ടായ അപകടത്തിൽ ഏഴുപേർ മരണമടഞ്ഞതായി റിപ്പോർട്ടുകൾ. ഫാക്ടറിയിലെ മാലിന്യടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയവരാണ് വിഷവാതകം ശ്വസിച്ച് മരണമടഞ്ഞത്. ആന്ധ്രപ്രദേശിലെ കാക്കിനഡയിലെ ജീരഗം പേട്ടയിലാണ് സംഭവം.
മരണമടഞ്ഞവരിൽ അഞ്ചുപേർ സീതാരാമരാജു വില്ലേജിലെ പടേരു സ്വദേശികളും മറ്റു രണ്ടുപേർ മണ്ഡലിലെ പുലിമേരു സ്വദേശികളുമാണ്. വേച്ചങ്കി കൃഷ്ണ, വേച്ചങ്കി നരസിംഹം, വേച്ചങ്കി സാഗർ, കൊരത്തട് ബൻജി ബാബു, കരി രാമറാവു, കട്ടമുരി ജഗദീഷ് , പ്രസാദ് എന്നിവരാണ് മരണമടഞ്ഞത്. 10 ദിവസം മുൻപാണ് ഇവർ ഓയിൽ ഫാക്ടറിയിൽ ജോലിയിൽ പ്രവേശിച്ചത്.
മാലിന്യ ടാങ്ക് വൃത്തിയാക്കാനായി ഇറങ്ങിയ ഒരാൾക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ രക്ഷിക്കാൻ ബാക്കിയുള്ളവരും ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെ ഇറങ്ങിയവർക്കും ശ്വാസതടസം നേരിട്ടു. ടാങ്കിനുള്ളിൽ പെട്ടുപോയ ഇവരെ തൊഴിലാളികളും സുരക്ഷാസേനയും ചേർന്നാണ് പുറത്തെടുത്തത്. ഫാക്ടറി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനം അല്ല ഇതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് അപകടം നടന്ന ഓയിൽ ഫാക്ടറിയ്ക്കെതിരെ പോലീസ് കേസെടുത്തു.