ഉമേഷ് പാല്‍ വധക്കേസില്‍ പോലീസ് പിടിയിലായ ഗുണ്ടാത്തലവനും സമാജ്‍വാദി പാർട്ടി മുൻ എം.പി ആതിഖ് അഹ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും ഇന്നലെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ഇരുവർക്കും വെടിയേറ്റത്. പോലീസിനൊപ്പം മെഡിക്കല്‍ പരിശോധനകള്‍ക്കായി നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെടിവെപ്പുണ്ടായത്. രണ്ടോ മൂന്നോ പേര്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തതായാണ് വിവരം. മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്.
കൊലപാതകത്തിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നംഗ ജൂഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണത്തിനും അദ്ദേഹം നിര്‍ദേശിച്ചു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് എല്ലാ പൊതു പരിപാടികളും റദ്ദാക്കി. സംസ്ഥാനത്തെ അയോധ്യ അടക്കമുള്ള മതപരമായ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തു. അയോധ്യയിലും വാരാണസിയിലും മധുരയിലും അധികസുരക്ഷയാണ് ഏർപ്പെടുത്തിയത്. അയോധ്യയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ചു. രാമക്ഷേത്ര നിർമാണം നടക്കുന്നസ്ഥലത്ത് സി.ആർ.പി.എഫും പ്രാദേശിക പൊലീസും ഉൾപ്പെടെയുള്ള ത്രീ ടയർ സുരക്ഷ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഉത്തർപ്രദേശിലെ 75 ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
2005ൽ ബി.എസ്.പി എം.എൽ.എ രാജു പാൽ കൊല്ലപ്പെട്ട കേസിൽ ആതിഖ് അഹമ്മദ് പ്രതിചേർക്കപ്പെട്ടിരുന്നു. ഈ കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലിനെ 2006ൽ തട്ടിക്കൊണ്ടുപോയ കേസിൽ ആതിഖിനും മറ്റു രണ്ടുപേർക്കും കോടതി തടവുശിക്ഷ വിധിച്ചു. 2019 മുതൽ ആതിഖ് ജയിലിൽ കഴിയുകയായിരുന്നു. ഉമേഷ് പാൽ ഫെബ്രുവരി 24ന് കൊല്ലപ്പെട്ടു. പ്രയാഗ് രാജിലെ വസതിക്ക് സമീപം അദ്ദേഹത്തിന് വെടിയേൽക്കുകയായിരുന്നു. ആതിഖ് അഹമ്മദ് സബർമതി ജയിലിൽവെച്ചാണ് കൊലപാതകത്തിന്റെ ആസൂത്രണം നടത്തിയതെന്നാണ് യു.പി പൊലീസ് ആരോപിച്ചിരുന്നത്.
കഴിഞ്ഞ 2 മാസത്തിനിടെ ഉമേഷ് പാൽ കൊലപാതക കേസുമായി ബന്ധപ്പെട്ട 6 പേർ കൊല്ലപ്പെട്ടു.