ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തി വിവാദമായതിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച
സജി ചെറിയാന്‍ വീണ്ടും പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നു. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശഗവര്‍ണര്‍ അംഗീകരിച്ചെന്നാണ് സൂചന. സജിചെറിയാന്‍റെ സത്യപ്രതിജ്ഞ നാളെ വൈകിട്ട് നാലിന് നടന്നേക്കും എന്നാണ് അറിയുന്നത്. സത്യപ്രതിജ്ഞയെ കുറിച്ച് ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും ഗവർണർ ആണ് തീരുമാനമെടുക്കേണ്ടതെന്നും സജി ചെറിയാന്‍ പറഞ്ഞു. അറിയിപ്പ് ലഭിച്ചാലുടന്‍ തിപുവനന്തപുരത്തേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു
സജി ചെറിയാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് മറ്റ് നിയമ തടസങ്ങളില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സജി ചെറിയാന് ക്ളീന്‍ ചിറ്റ് നല്‍കിയ പോലീസ് റിപ്പോര്‍ട്ട് തിരുവല്ല കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ അന്തിമ തീരുമാനം വന്നിട്ടില്ല. സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരൻ തിരുവല്ല കോടതിയെ സമീപിച്ചു. പൊലീസ് റിപ്പോർട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഹർജിയിൽ തീരുമാനമാകും വരെ തീരുമാനം മാറ്റിവയ്ക്കണമെന്നുമാണ് ആവശ്യം. മല്ലപ്പളളി പ്രസംഗക്കേസിലെ പരാതിക്കാരനായ അഡ്വ. ബൈജു നോയലാണ് തടസവാദം ഉന്നയിച്ച് കോടതിയെ സമീപിച്ചത്.