ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിയാവും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് മറ്റ് നിയമതടസങ്ങളില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം എടുത്തത്. മന്ത്രിയായുള്ള സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ ജനുവരി നാലിന് നടക്കും.
ജൂലൈ മൂന്നിനാണ് ഭരണഘടനയെ വിമര്‍ശിച്ച് സജി ചെറിയാന്‍ വിവാദ പ്രസംഗം നടത്തിയത്. വിമര്‍ശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ ജൂലൈ ആറിന് രാജിവെച്ചു. കേസ് അന്വേഷിച്ച പൊലീസ് വക ക്ലീൻ ചിറ്റ് ലഭിച്ചു. ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അത് കൊണ്ട് സജി ചെറിയാനെതിരെ കേസ് നിലനിൽക്കില്ലെന്നും നിയമോപദേശം പൊലീസ് തിരുവല്ല കോടതിയെ അറിയിച്ചിട്ടുണ്ട്. സജി ചെറിയാന്‍റെ മടങ്ങിവരവ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്ഥിരീകരിച്ചിരുന്നു