ശബരിമല സ്വര്‍ണക്കൊള്ളയിൽ നിര്‍ണായക മൊഴിയുടെ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയെന്ന് അറസ്റ്റിലായ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഒന്നരക്കോടി നൽകിയതിനുശേഷമാണ് സ്വർണം വാങ്ങിയത്. പണം നൽകിയ ശേഷമാണ് സ്വർണം വാങ്ങിയത് എന്ന് ഉടമ പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞു. ഇദ്ദേഹം സംഘത്തിന് മുന്നിൽ ഇടപാട് നടന്നതിന്റെ തെളിവ് ഹാജരാക്കി. തന്നെ കള്ളക്കേസിൽ കുടുക്കിയെന്നു വാദിച്ച ഗോവർധൻ, ഹൈക്കോടതിയിൽ തിങ്കളാഴ്ച മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കും. ദേവസ്വം സ്വത്തെന്ന് അറിഞ്ഞുകൊണ്ടാണ് ഗോവർധൻ സ്വർണവിൽപ്പനയ്ക്ക് കൂട്ടുനിന്നത് എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പണം നൽകിയതിന്‍റെ തെളിവുകളും ഗോവര്‍ധൻ എസ്ഐടിക്ക് നൽകി.
ബല്ലാരിയിലെ റോഡം ജുവൽസ് നടത്തുന്ന ഗോവർദ്ധനിൽ നിന്ന് ഏകദേശം 400 ഗ്രാം സ്വർണ്ണം കണ്ടെടുത്തതായി രണ്ടു മാസം മുൻപ് റിപ്പോർട്ട് ഉണ്ടായിരുന്നു. ശ്രീരാമപുരത്തെ കോത്താരി മാൻഷനിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിൽ നിന്ന് ഏകദേശം 170 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തതായും. ആഭരണങ്ങൾ, ബാറുകൾ, നാണയങ്ങൾ എന്നിവയുൾപ്പെടെ പിടിച്ചെടുത്ത സ്വർണ്ണം ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ സ്വർണ്ണത്തിൽ നിന്ന് കൊള്ളയടിച്ചതാണോ എന്ന് നിർണ്ണയിക്കാൻ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. കർണാടക പോലീസിന്റെ പിന്തുണയോടെയാണ് എസ്‌ഐടി തിരച്ചിൽ നടത്തിയത്
ഗോവര്‍ധന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വർണം സ്മാർട്ട് ക്രിയേഷനിൽ നിന്നും ഗോവർധന്‍റെ കൈവശമെത്തിച്ച കൽപേഷിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും. ബോധപൂര്‍വം തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ലെന്നും ശബരിമലയിലെ ആവശ്യത്തിനെന്ന് പറഞ്ഞാണ് പലപ്പോഴും പണം നൽകിയതെന്നും സുഹൃത്തെന്ന നിലയിലാണ് സ്വര്‍ണം വാങ്ങിയതെന്നുമാണ് ഗോവര്‍ധന്‍റെ മൊഴി. എന്നാൽ, ശബരിമലയിലെ സ്വര്‍ണമാണെന്നും അത് ദേവസ്വം സ്വത്താണെന്നും വ്യക്തമായി അറിഞ്ഞുകൊണ്ടാണ് ഗോവര്‍ധൻ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
ഇന്നലെ വൈകുന്നേരമാണ് സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനെയും അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇരുവരെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയും വേർതിരിച്ച സ്വർണം വാങ്ങിയത് ഗോവർധനനുമാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ശബരിമല സ്വർണ്ണക്കൊള്ളയിൽ തുടക്കം മുതൽ അന്വേഷണം വഴി തെറ്റിക്കാനും പങ്കില്ലെന്നും തെളിയിക്കാനുമാണ് പങ്കജ് ഭണ്ഡാരിയും ഗോവർധനും ശ്രമിച്ചത്. ഒരിക്കൽ സ്വർണം പൂശിയ ലോഹത്തിനുമേൽ വീണ്ടും സ്വർണം പൂശാനുള്ള സാങ്കേതിക വൈദഗ്ധ്യമില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി എത്തിച്ചത് ചെമ്പ് പാളിയെന്നുമായിരുന്നു പങ്കജ് ഭണ്ഡാരിയുടെ ആദ്യ മൊഴി. ശബരിമലയിലെ സ്പോൺസർഷിപ്പിനായി സഹായിച്ച ഇടനിലക്കാരൻ എന്ന പരിചയം മാത്രമാണ് പോറ്റിയുമായുള്ളതെന്ന് വരുത്തി അന്വഷണത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനായിരുന്നു ഗോവർധൻ ശ്രമിച്ചത്.
മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശ്രീകുമാർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി സേവനമനുഷ്ഠിക്കുമ്പോൾ ദ്വാരപാലക വിഗ്രഹങ്ങളുടെ ലോഹ ആവരണം നീക്കം ചെയ്ത് ബെംഗളൂരു ആസ്ഥാനമായുള്ള ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണം പൂശുന്നതിനായി കൈമാറി. കേസിൽ നേരത്തെ ഇദ്ദേഹത്തെ പ്രതി ചേർത്തിരുന്നു. ഇതോടെ, കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ എ. പത്മകുമാർ, എൻ. വാസു, മൂന്ന് ഉദ്യോഗസ്ഥർ, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരെ എസ്‌ഐടി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

