വര്‍ഷങ്ങളോളം നീണ്ട പോരാട്ടത്തിനൊടുവില്‍ രാംലല്ല ഇവിടെ എത്തിച്ചേര്‍ന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്ന് നാല് വര്‍ഷത്തിന് ശേഷം രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിന്റെ ആത്മീയ അനുഭവത്തില്‍ നിന്ന് താന്‍ ഇപ്പോഴും ”വിറയ്ക്കുക”യാണ്. രാമന്‍ ഒരു തര്‍ക്കവിഷയമല്ല, ഒരു പരിഹാരമാണ്. ഇനിയുള്ള കാലവും ഈ ദിവസം രാജ്യം ഓർത്തുവയ്ക്കും. ഇത് വെെകാരിക നിമിഷമാണ്. രാം ലല്ല ഇപ്പോൾ ടെന്റിലല്ല, ദിവ്യ മന്ദിരത്തിലാണെന്നും പുതിയ ഇതിഹാസം ഇവിടെ കുറിക്കുകയാണെന്നും മോദി പറഞ്ഞു. 11 ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ സ്വയം രാമനിൽ സമർപ്പിച്ചു.കേരളത്തിലെ തൃപ്രയാറടക്കം പ്രധാന ശ്രീരാമ ക്ഷേത്രങ്ങൾ സന്ദർശിക്കാനായി. പല ഭാഷകളിൽ രാമായണം കേട്ടു. വിജയത്തിൻ്റെ മാത്രമല്ല വിനയത്തിൻ്റേത് കൂടിയാണ് ഈയവസരമെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീരാമന്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം അയോധ്യയിലെ ആയിരക്കണക്കിന് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മൂല്യങ്ങളുടെ വിജയമാണ് രാമക്ഷേത്രം. അടുത്ത ആയിരം വർഷങ്ങളിലേക്കുള്ള രാഷ്ട്ര നിർമ്മാണത്തിന് ഇന്ന് ഉചിതമായ ദിനമാണ്. നിസാരനാണെന്ന ഭാവം ഉപേക്ഷിച്ച് രാഷ്ട്ര സേവനത്തിന് രാമനെ മാതൃകയാക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ‘ഇന്ന്, പ്രഭുരാമന്റെ ഭക്തര്‍ ഈ ചരിത്ര നിമിഷത്തില്‍ പൂര്‍ണ്ണമായും ലയിച്ചിരിക്കുന്നു എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്…രാജ്യത്തിന്റെയും ലോകത്തിന്റെയും എല്ലാ കോണുകളിലും ഉള്ള രാമഭക്തര്‍ക്ക് ഇത് ആഴത്തില്‍ അനുഭവപ്പെടുന്നു. ഈ നിമിഷം ദൈവികമാണ്, ഈ നിമിഷം എല്ലാറ്റിലും പവിത്രമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ശ്രീരാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം ദശാബ്ദങ്ങളോളം നീണ്ടുനിന്നു. നീതി നടപ്പാക്കിയതിന് ഇന്ത്യയിലെ ജുഡീഷ്യറിയോട് ഞാന്‍ നന്ദി അറിയിക്കുന്നു,’ അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം തുറക്കുന്നതിനെ ‘വിനീതമായ നിമിഷം’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യന്‍ പൗരന്മാരോട് വീട്ടില്‍ രാമജ്യോതി തെളിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ സാമൂഹിക ഘടനയെ ചോദ്യം ചെയ്യുന്നവരെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു.
‘ഇന്ന് ഞാനും ഭഗവാന്‍ ശ്രീരാമനോട് മാപ്പ് ചോദിക്കുന്നു. ഇത്രയും നൂറ്റാണ്ടുകളായി ഈ ജോലി ചെയ്യാന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയത് നമ്മുടെ പ്രയത്‌നത്തിലും ത്യാഗത്തിലും തപസ്സിലും എന്തെങ്കിലുമൊക്കെ കുറവുണ്ടായിരുന്നത് കൊണ്ടാകാം. ഇന്ന് ആ ജോലി പൂര്‍ത്തിയായി. ശ്രീരാമന്‍ തീര്‍ച്ചയായും ഞങ്ങളോട് ക്ഷമിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.” പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.
ഇന്ന് ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന ‘പ്രൺ പ്രതിഷ്ഠ’ ചടങ്ങിന് ശേഷമാണ് രാം ലല്ലയുടെ മിഴി തുറന്ന മുഖം വെളിപ്പെടുത്തിയത്. ‘മുഖ്യ യജമാനൻ’ എന്ന നിലയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ചടങ്ങിൽ പങ്കെടുത്തത്. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്. ചടങ്ങുകൾക്കിടെ സൈനിക ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. വീടുകളിലും ക്ഷേത്രങ്ങളിലുമായി ലക്ഷക്കണക്കിന് പേർ പ്രതിഷ്ഠാ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണത്തിന് സാക്ഷിയായി.