മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതസംസ്കാര ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കും. നാളെ രണ്ട് മണിക്കാണ് പുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കുക. ഉമ്മൻചാണ്ടിയുടെ വിടവാങ്ങലിലൂടെ നഷ്ടമായത് ജനകീയ അടിത്തറയുള്ള നേതാവിനെയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ന് രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര എപ്പോഴാണ് പുതുപ്പള്ളിയിൽ എത്തുക എന്ന കാര്യത്തിൽ വ്യക്തതയില്ല. കടന്നു പോകുന്ന വഴികളിൽ നൂറുകണക്കിന് ജനങ്ങളാണ് അദ്ദേഹത്തെ അവസാനമായി കാണാൻ കാത്തുനിൽക്കുന്നത്. കുട്ടികളൂം മുതിർന്നവരും ആക്കം ആയിരങ്ങൾ അന്ത്യോപചാരം അർപ്പിക്കാൻ വഴിയോരങ്ങളിൽ കാത്തുനിൽക്കുകയാണ്.
രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോയത്. മക്കളുൾപ്പെടെയുള്ള കുടുംബാംഗങ്ങളും പുതുപ്പള്ളിയിലേക്ക് തിരിച്ചു. മുതിർന്ന നേതാക്കളുൾപ്പെടെ മുദ്രാവാക്യം വിളികളോടെയാണ് ഉമ്മൻചാണ്ടിക്കൊപ്പം പുതുപ്പള്ളിയിലേക്ക് തിരിച്ചത്. പ്രത്യേകം സജ്ജീകരിച്ച ബസ്സിൽ രമേശ് ചെന്നിത്തല,വിഡി സതീശൻ, ഷാഫി പറമ്പിൽ എംഎൽഎ, അൻവർ സാദത്ത് തുടങ്ങിയ നേതാക്കളും അനുഗമിക്കുന്നുണ്ട്. പ്രവർത്തകരുടെ മുദ്രാവാക്യം വിളികളും വൈകാരിക നിമിഷങ്ങളും ജഗതിയിലെ വീട്ടിൽ തളംകെട്ടി നിന്നു. നിരവധി പേരാണ് വീട്ടിലും കാണാനെത്തിയത്. വൈകിട്ട് കോട്ടയം തിരുനക്കരയിലാണ് പൊതുദർശനം