അംബാനിയുമായും അദാനിയുമായും രാഹുൽ ഗാന്ധി ഒത്തുതീർപ്പുണ്ടാക്കിയെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്തുകൊണ്ടാണ് കോൺഗ്രസ് പെട്ടെന്ന് അദാനി-അംബാനിയുടെ പേരുകൾ പരാമർശിക്കുന്നത് നിർത്തിയതെന്ന് പ്രധാനമന്ത്രി മോദി ചോദിച്ചു. അദാനി – അംബാനിയിൽ നിന്ന് എത്ര സ്വത്ത് ശേഖരിച്ചു? പ്രധാനമന്ത്രി മോദി ചോദിച്ചു. തെലങ്കാനയിലെ കരിംനഗറിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.
കഴിഞ്ഞ അഞ്ച് വർഷമായി കോൺഗ്രസിൻ്റെ രാജകുമാരൻ രാവിലെ എഴുന്നേറ്റാലുടൻ ജപമാല ചൊല്ലാൻ തുടങ്ങുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. “തൻ്റെ റഫേൽ കേസ് നിലച്ചപ്പോൾ മുതൽ അദ്ദേഹം പുതിയ ജപമാല ചൊല്ലാൻ തുടങ്ങി. അഞ്ച് വർഷമായി ഒരേ ജപമാല ചൊല്ലാറുണ്ട്. അഞ്ച് വ്യവസായികൾ, അഞ്ച് വ്യവസായികൾ. പിന്നെ പതുക്കെ അംബാനി-അദാനി എന്ന് പറഞ്ഞു തുടങ്ങി. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ. അംബാനി-അദാനിയെ അധിക്ഷേപിക്കുന്നത് അദ്ദേഹം നിർത്തി. എന്തുകൊണ്ട് ഒറ്റരാത്രികൊണ്ട് ആ പരാമർശം നിർത്തി?.” പ്രധാനമന്ത്രി ചോദിച്ചു. അദാനിയുമായുള്ള മോദിയുടെ ബന്ധം സ്ഥിരമായി രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നത് ഉന്നയിച്ചാണ് പ്രധാനമന്ത്രി ആഞ്ഞടിക്കുന്നത്. സാധാരണ ഈ വിഷയത്തിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രി രാഹുൽ രണ്ട് വ്യവസായികളുമായും ബന്ധം ഉണ്ടാക്കുന്നു എന്നാണ് ആരോപിക്കുന്നത്. എന്ത് ഇടപാട് നടന്നത് കൊണ്ടാണ് രാഹുൽ ഇപ്പോൾ രണ്ടു പേരെക്കുറിച്ചും മിണ്ടാത്തത് എന്നും മോദി ചോദിച്ചു.
ഈ തിരഞ്ഞെടുപ്പിൽ അംബാനി-അദാനിയിൽ നിന്ന് എത്ര പണം പിരിച്ചെടുത്തുവെന്നും അദ്ദേഹം ചോദിച്ചു. “എത്ര ചാക്ക് കള്ളപ്പണം നിങ്ങൾക്ക് കിട്ടി? ടെമ്പോ നിറച്ച് നോട്ടുകൾ കോൺഗ്രസിൽ എത്തിയോ? ഒറ്റരാത്രികൊണ്ട് നിങ്ങൾ അംബാനി-അദാനിയെ അധിക്ഷേപിക്കുന്നത് നിർത്തി. അഞ്ച് വർഷമായി പേരുകൾ ദുരുപയോഗം ചെയ്തു. അത് ഒറ്റരാത്രികൊണ്ട് നിർത്തി. അതിനർത്ഥം ഒരു ടെമ്പോ നിറയെ മോഷ്ടിച്ച ചില സാധനങ്ങൾ നിങ്ങൾ കണ്ടെത്തി. ഇതിനുള്ള മറുപടി രാജ്യം നൽകേണ്ടിവരും”. പ്രധാനമന്ത്രി പറഞ്ഞു.
അതേ സമയം മൂന്നാം ഘട്ടത്തിലും പോളിംഗ് ശതമാനം കുറഞ്ഞത് ഗൗരവത്തോടെ വിലയിരുത്താൻ ബിജെപി ഉത്തരേന്ത്യയിലെ ഘടകങ്ങൾക്ക് നിർദ്ദേശം നല്കി. ഇന്നലെ നടന്ന മുന്നാം ഘട്ട വോട്ടെടുപ്പിൽ അവസാനം വന്ന കണക്ക് പ്രകാരം പോളിംഗ് 64.58 ശതമാനമാണ്. കഴിഞ്ഞ തവണത്തെക്കാൾ മുന്നു ശതമാനം കുറവ്. ഇത് കുറച്ചു കൂടി ഉയരാമെങ്കിലും പാർട്ടിക്ക് ഏറെ നിർണ്ണായകമായിരുന്ന ഘട്ടത്തിലും പോളിംഗ് കുറഞ്ഞത് ബിജെപിക്ക് ആശങ്കയാകുകയാണ്. വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാനുള്ള ഉത്സാഹം യുപിയിൽ പോലും പാർട്ടി പ്രവർത്തകർ കാണിക്കുന്നില്ല എന്നാണ് റിപ്പോർട്ട്. ഇത് ഗൗരവത്തോടെ കണ്ട് പരിഹരിക്കാൻ ബിജെപി നേതൃത്വം യുപി ബീഹാർ ഘടകങ്ങൾക്ക് നിർദ്ദേശം നല്കിയെന്നാണ് സൂചന.